തകര്‍ത്തടിച്ച് അരുണ്‍ കാര്‍ത്തിക്, ദിനേഷ് കാര്‍ത്തികും സംഘവും ഫൈനലില്‍
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തമിഴ്നാട് ഫൈനലില്‍. സെമിയില്‍ രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദിനേഷ് കാര്‍ത്തിക് നയിക്കുന്ന തമിഴ്നാട് ഫൈനലില്‍ പ്രവേശിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് തമിഴ്‌നാട് മറികടന്നത്.
അരുണ്‍ കാര്‍ത്തികിന്റെ (89*) അപരാജിത അര്‍ധ സെഞ്ച്വറി പ്രകടനമാണ് തമിഴ്നാടിന് കരുത്തായത്. ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പ് രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഓപ്പണര്‍ ഭരത് ശര്‍മ (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. പ്രതീക്ഷ നല്‍കിയെങ്കിലും വലിയ സ്‌കോര്‍ നേടും മുമ്പെ ആദിത്യ ഗര്‍വാളും (21 പന്തില്‍ 29) പുറത്തായി. ക്യാപ്റ്റന്‍ അശോക് മെഹ്റ (32 പന്തില്‍ 51),അര്‍ജിത് ഗുപ്ത (35 പന്തില്‍ 45) എന്നിവരുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. അശോക് അഞ്ച് ഫോറും രണ്ട് സിക്സറും നേടിയപ്പോള്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു അര്‍ജിതിന്റെ ഇന്നിങ്സ്.
അവസാന ഓവറുകളില്‍ രാജസ്ഥാന്റെ റണ്ണൊഴുക്ക് തടയാന്‍ തമിഴ്നാട് ബൗളര്‍മാര്‍ക്കായി. മഹിപാല്‍ ലോംറോര്‍ (3),രാജേഷ് ബിഷ്നോയ് (14 പന്തില്‍ 12),ചന്ദ്രപാല്‍ സിങ് (5 പന്തില്‍ 2) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല. തമിഴ്നാടിനുവേണ്ടി എം മുഹമ്മദ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സായ് കിഷോര്‍ രണ്ടും സോനു യാദവ്,ബാബ അപരാജിത്,മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ തമിഴ്നാടിന്റെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഹരി നിശാന്തിനെ (8 പന്തില്‍ 4) നഷ്ടമായി. ബാബ അപരാജിതും (5 പന്തില്‍ 2 ) പെട്ടെന്ന് മടങ്ങി. അല്‍പ്പനേരം പിടിച്ചുനിന്ന ശേഷം നാരായണ്‍ ജഗദീഷും (28 പന്തില്‍ 28) പുറത്തായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുകൂടിയ അരുണും ദിനേഷ് കാര്‍ത്തികും (17 പന്തില്‍ 26) ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അരുണ്‍ 9 ഫോറും മൂന്ന് സിക്സും പറത്തിയപ്പോള്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു ദിനേഷിന്റെ പ്രകടനം.
രാജസ്ഥാന് വേണ്ടി തന്‍വീര്‍ ഉല്‍ഹഖ്, അനികേത് ചൗധരി,രവി ബിഷ്നോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിലെത്തുന്നത്. നായകനെന്ന നിലയില്‍ ദിനേഷ് കാര്‍ത്തികിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്.
പഞ്ചാബ്-ബറോഡ മത്സരത്തിലെ വിജയിയെയാണ് ഫൈനലില്‍ തമിഴ്നാട് നേരിടുക.