യൂറോ ക്വാർട്ടർ ലൈനപ്പ്; ഓരോ ടീമിന്റെയും സാധ്യതകൾ പരിശോധിക്കാം

ശ്വാസം നിലക്കുന്ന ത്രില്ലറുകൾ സമ്മാനിച്ച് യൂറോകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു. വെള്ളിയാഴ്ച ക്വാർട്ടർ മത്സരങ്ങൾ തുടങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമാവില്ല എന്നാണ് പ്രതീക്ഷ. ടൂർണമെന്റ് ഫേവറൈറ്റുകളായ ഫ്രാൻസ് അടക്കമുള്ള വമ്പന്മാർ പുറത്തായത് നിരാശയാണെങ്കിലും അത് ടൂർണമെന്റിന് കൂടുതൽ ‘ബാലൻസ്’ നൽകുന്നുവെന്നത് കാണാതിരിക്കാനാവില്ല. മത്സരങ്ങൾ ഇനി മുതൽ കൂടുതൽ ഉദ്വെഗജനകമാണ്.
ക്വാർട്ടർ ഫൈനലിൽ മാറ്റുരക്കുന്ന എട്ടു ടീമുകളുടെ ബലവും ബലഹീനതകളും പരിശോധിക്കാം.
ബെൽജിയം
ശക്തി: ലുക്കാക്കുവിന്റെ സ്കോറിങ് മികവ്. ഭാവനാസമ്പന്നമായ മധ്യനിര. പരിചയസമ്പന്നരായ പ്രതിരോധനിര.
ദൗർബല്യം: പരിചയസമ്പന്നരെങ്കിലും താരതമ്യേന പ്രായക്കൂടുതലുള്ള പ്രതിരോധതാരങ്ങൾക്ക് നോക്ക്ഔട്ട് റൗണ്ടിൽ വേഗം നഷ്ടപ്പെട്ടേക്കാം.
സാധ്യത : 2018 ലോകകപ്പിൽ ഫ്രാൻസിനോട് സെമിയിൽ തോറ്റ് പുറത്തായ ബെൽജിയത്തിന്റെ ‘സുവർണ നിരക്ക്’ പേരിനോട് നീതിപുലർത്താൻ യൂറോകപ്പ് നേടിയേ പറ്റൂ.
ഭീഷണി: സൂപ്പർതാരങ്ങളായ ഈഡൻ ഹസാർഡും കെവിൻ ഡിബ്ര്യൂണും ക്വാർട്ടർ കളിക്കാൻ ഉണ്ടായേക്കില്ല.
ചെക്ക് റിപ്പബ്ലിക്ക്
ശക്തി: പാട്രിക്ക് ചെക്കിന്റെ ഗോളടിമികവ്. ഏതെങ്കിലും ഒരുതാരത്തെ ആശ്രയിക്കാത്ത ടീം വർക്ക്.
ദൗർബല്യം: ഹൈബോളിൽ പതറുന്ന പ്രതിരോധനിര.
സാധ്യത: മികച്ച ടീം വർക്കിൽ അവസരങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോഴും മധ്യനിരക്ക് ഗോൾ കണ്ടെത്താനാവുന്നില്ല.
ഭീഷണി: എതിർ ടീം വിങ്ങുകളിലൂടെ ഹൈ ബോൾ കളിച്ചാൽ ചെക്ക് ടീം പ്രതിരോധത്തിലാവും.
ഡെന്മാർക്ക്
ശക്തി: ഉദ്‌ഘാടന മത്സരത്തിൽ എറിക്‌സൺ കളിക്കളത്തിൽ വീണുപോയതിൽ പിന്നെ ധീരതയുടെ പര്യായമാണ് ഡെന്മാർക്ക് ടീം. മികച്ച ഒത്തിണക്കം, വേഗത.
ദൗർബല്യം: അത്രക്കൊന്നും ഭാവനാസമ്പന്നമല്ലാത്ത മധ്യനിര
സാധ്യത: മുന്നേറ്റ നിരക്ക് ഫോമിലേക്കുയരാൻ സാധിച്ചാൽ ഡെന്മാർക്ക് ടൂർണമെന്റിന്റെ ടീമാവും.
ഭീഷണി: ബെൽജിയത്തോട് ഗ്രൂപ് സ്റ്റേജിൽ ഏറ്റതോവിക്ക് ശേഷം ടൂർണമെന്റിൽ ഇതുവരെ വലിയ ടീമുകൾ എതിരെ വന്നിട്ടില്ല.
ഇംഗ്ലണ്ട്
ശക്തി: വിങ്ങുകളിലൂടെ ഏറ്റവും മനോഹരമായ ഫുട്ബോൾ കളിക്കുന്ന ടീം. റഹീം സ്റ്റെർലിങ്ങിന്റെ മികച്ച ഫോം.
ദൗർബല്യം: വിങ്ങുകൾ ഫലപ്രദമായി ഉപയോഗിക്കുമ്പോഴും മൈതാനത്തിന്റെ മധ്യഭാഗത്ത് നീക്കങ്ങൾ പാളുന്നു.
സാധ്യത: ഫോമിലല്ലാതിരുന്ന സൂപ്പർതാരം ഹാരി കെയ്ൻ ജർമനിക്കെതിരെ ഗോളടിച്ചു തുടങ്ങിയത് ഇംഗ്ലീഷ് പ്രതീക്ഷകൾ വാനോളമുയർത്തുന്നു.
ഭീഷണി: മികച്ച മുന്നേറ്റ താരങ്ങൾ ഉണ്ടായിട്ടും പ്രതിരോധത്തിലൂന്നിയ ഗെയിംപ്ലാൻ എതിരാളികൾക്ക് കൂടുതൽ സാധ്യതകൾ തുറന്നിടുന്നു.
ഇറ്റലി
ശക്തി: വെറ്ററൻ താരം ചെല്ലീനിയുടെ നേതൃത്വത്തിൽ മികച്ച പ്രതിരോധനിര. ഗോളടിക്കാനും അടിപ്പിക്കാനും പോലും കഴിവുള്ള പ്രതിരോധനിര എന്നും ഇറ്റാലിയൻ ഫുട്ബാളിന്റെ മനോഹാരിതയാണ്.
ദൗർബല്യം: വിങ്ങുകളിലൂടെ കയറിക്കളിക്കുന്ന വിങ്ബാക്കുകൾ പ്രതിരോധത്തിൽ സാധ്യതകൾ തുറന്നിടുന്നു.
സാധ്യത: മുന്നേറ്റ നിരയിൽ സ്‌ട്രൈക്കർമാരായ ഇമ്മൊബിലെയും, ഇൻസിനെയും ഫോമിലേക്കുയരാൻ സാധ്യത.
ഭീഷണി: 31 മത്സരങ്ങളായി പരാജയമറിയാതെ കളിക്കുന്നത് താരങ്ങളെ അമിത സമ്മർദ്ധത്തിലാക്കുന്നുണ്ട്.
സ്പെയിൻ
ശക്തി: ഭാവനാസമ്പന്നമായ മധ്യനിര. മൈതാനത്തിന്റെ മുക്കും മൂലയും ഉപയോഗിച്ചുള്ള ഗെയിം പ്ലാൻ.
ദൗർബല്യം: എന്നും സ്പാനിഷ് ഫുട്ബോളിന്റെ തലവേദനയായ പ്രതിരോധം. പ്രതിരോധതാരങ്ങളും ഗോളടിക്കാൻ തുനിഞ്ഞിറങ്ങുന്നതോടെ പലപ്പോഴും ഗോൾ കീപ്പർ ഒറ്റപ്പെടുന്നു.
സാധ്യത: സൂപ്പർ സ്‌ട്രൈക്കർ ആൽവാരോ മൊറാട്ട ഇംഗ്ലണ്ടിനെതിരെ ഫോം വീണ്ടെടുത്തത് സ്പാനിഷ് പ്രതീക്ഷകൾക്ക് ചിറകുവെപ്പിക്കുന്നു.
ഭീഷണി: പന്ത് കൈവശം വച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന സ്പെയിനിനെ ഉറച്ച പ്രതിരോധകോട്ട കെട്ടി എതിരാളികൾക്ക് തളച്ചിടാനാവും.
സ്വിറ്റ്സർലൻഡ്
ശക്തി: നായകൻ ഗ്രാനിത് സാക്കയുടെ കീഴിൽ ഒത്തൊരുമയുള്ള ടീം. സെഫെറോവിച്ചിന്റെ ഗോളടിമികവ്.
ദൗർബല്യം: പ്രതിരോധനിര ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഗോൾ വഴങ്ങി.
സാധ്യത: സൂപ്പർതാരം ഷാക്കിരി ഫ്രാൻസിനെതിരെ മങ്ങിയെങ്കിലും ക്വാർട്ടറിൽ ശക്തമായി തിരിച്ചുവരുമെന്നാണ് സ്വിസ്സ് ആരാധകരുടെ പ്രതീക്ഷ.
ഭീഷണി: പലവേദികളിലായി നടത്തപ്പെടുന്ന ടൂർണമെന്റിൽ ഏറ്റവുമധികം ദൂരം ട്രാവൽ ചെയ്യേണ്ടിവന്നത് സ്വിസ്സ് ടീമിനാണ് ഇത് പരിശീലന സമയം കുറയ്ക്കുകയും, താരങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്യുന്നുണ്ട്.
യുക്രൈൻ
ശക്തി: മികച്ച മധ്യനിര. പ്രതിരോധത്തെയും, ആക്രമണത്തെയും ഒരേ പോലെ സഹായിക്കുന്ന ഒരുപിടി താരങ്ങൾ. വിങ്ങുകളിലൂടെ അതിവേഗത്തിൽ ആക്രമണം.
ദൗർബല്യം: വലിയ മത്സരങ്ങൾ കളിച്ചുപരിചയമുള്ള താരങ്ങളുടെ അപര്യാപ്തത.
സാധ്യത: മത്സരം ജയിച്ചാൽ യുക്രൈൻ ആദ്യമായി ഒരു വലിയ ടൂർണമെന്റിൽ സെമി കളിക്കും. ഇത് കളിക്കാരെ പ്രചോദിപ്പിക്കുന്നുണ്ട്.
ഭീഷണി: സിൻചെൻകോയുടെ മികവിൽ കുതിക്കുന്ന ടീമിനെ പൂട്ടാൻ എതിർ ടീം താരത്തിനെതിരെ കടുത്ത തന്ത്രങ്ങൾ മെനഞ്ഞേക്കാം.