SHOCKING: അത്യന്തം നാടകീയം; ഫ്രാൻസ് യൂറോ കപ്പിന് പുറത്ത്

യൂറോയിൽ അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി സ്വിട്സർലാൻഡ് ക്വാർട്ടർ ഫൈനലിൽ കടന്നു. അധികസമയത്തും ഇരുടീമുകളും സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് വിധി നിർണയിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സൂപ്പർതാരം എംബപ്പേ പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് ടൂർണമെന്റ് ഫേവറൈറ്റുകളായ ഫ്രാൻസിന് പുറത്തേക്ക് വഴിതെളിയിച്ചത്.

15-ാം മിനിറ്റില്‍ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിറ്റ്സര്‍ലന്‍ഡ് മുന്നിലെത്തിയിരുന്നു. ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് സ്റ്റീവന്‍ സുബര്‍ തൊടുത്തക്രോസിൽ തലവച്ച് എണ്ണം പറഞ്ഞ ഒരു ഗോൾ. ഹ്യൂഗോ ലോറിസിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിൽ പതിച്ചു. ഗോളോടെ ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലെത്തിയ സ്വിസ് പടയ്ക്ക് മുന്നിൽ ഒന്നാം പകുതിയിൽ ഫ്രാൻസിന് മറുപടി ഉണ്ടായിരുന്നില്ല.

എന്നാൽ രണ്ടാം പകുതിയില്‍ കളി മാറി. ഫ്രഞ്ച് പരിശീലകൻ  ദെഷാംപ്‌സ് മിഡ്‌ഫീൽഡർ ലെങ്‌ലെറ്റിന് പകരം കിങ്സ്ലി കോമാനെ കളത്തിലെത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റങ്ങള്‍ക്ക് മൂർച്ച കൂടി. തുടർച്ചയായ ഫ്രഞ്ച് ആക്രമണങ്ങൾക്ക് 57-ാം മിനിറ്റില്‍ ഫലം കണ്ടു. വെറ്ററൻ താരം കരീം ബെന്‍സേമ ഫ്രാൻസിനായി ലക്‌ഷ്യം കണ്ടു. എംബാപ്പെ നൽകിയ പാസിൽ ബെൻസേമയുടെ ക്ലാസി ഫിനിഷ്.

രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബെൻസേമ രണ്ടാമത്തെ ഗോളും നേടി. എംബാപ്പെയും ഗ്രീസ്മാനും ബെന്‍സേമയും ചേര്‍ന്നുള്ള ടീം വർക്കാണ് ഗോളിൽ കലാശിച്ചത്. ലീഡ് നേടിയതോടെ  ഒന്നിന് പുറകെ മറ്റൊന്നായി ആഞ്ഞടിച്ച ഫ്രഞ്ച് ആക്രമണങ്ങൾക്ക് 75-ാം മിനിറ്റില്‍ ഫലം ലഭിച്ചു. പോള്‍ പോഗ്ബയുടെ എണ്ണം പറഞ്ഞ ഒരു ഷോട്ട് വല തുളച്ചപ്പോൾ ഫ്രാൻസിന്റെ ക്വാർട്ടർ പ്രവേശനം ഏവരും ഉറപ്പിച്ചതാണ്.

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറായി വന്നവരല്ലായിരുന്നു സ്വിസ് ടീം. കയ്യും മെയ്യും മറന്നുള്ള ആക്രമങ്ങൾക്കൊടുവിൽ 81-ാം മിനിറ്റില്‍ സ്വിസ്സ് പട ഗോൾ മടക്കി. കെവിന്‍ എംബാബുവിന്റെ ക്രോസ് വലയിലെത്തിച്ച സെഫെറോവിച്ച് സ്വിസ് ടീമിനെ മത്സരത്തിൽ നിലനിർത്തി. 90-ാം മിനിറ്റില്‍ മാരിയോ ഗാവ്രനോവിച്ചും ഗോൾ നേടിയതോടെ യൂറോ ചരിത്രത്തിലെ തന്നെ അത്യന്തം നാടകീയമായ മത്സരങ്ങളിൽ ഒന്ന് എക്‌സ്ട്രാ ടൈമിലേക്ക് എന്നുറപ്പായി.

എക്സ്ട്രാ ടൈമിൽ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ആർക്കും മുതലെടുക്കാനായില്ല. ഫ്രാൻസിന്റെ സൂപ്പർ താരം എംബപ്പേ ഉറച്ച ഒന്നിലധികം ഗോളവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു.

ഷൂട്ടൗട്ടിൽ ഇരുടീമുകളും ആദ്യഅവസരങ്ങളെല്ലാം വലയിലെത്തിച്ചതോടെ ഏവരുടെയും കണ്ണ് വീണ്ടും ഫ്രാൻസിന്റെ സൂപ്പർതാരം എംബാപ്പയിലേക്ക്. അവസാന കിക്ക് എടുക്കാൻ വന്ന എംബപ്പേ കൂടി സ്‌കോർ ചെയ്‌താൽ ഷൂട്ടൗട്ടും സമനിലയിലായി മത്സരം സഡൻഡെത്തിലേക്ക് കടക്കും. എന്നാൽ ഷോട്ടെടുത്ത എംബപ്പേക്ക് പിഴച്ചു. കിടിലൻ സേവിലൂടെ എംബാപ്പയുടെ പെനാൽറ്റി തട്ടിമാറ്റി സ്വിസ്സ് ഗോൾകീപ്പർ യാൻ സമ്മർ സ്വിറ്റസർലാൻഡിനെ ക്വാർട്ടറിൽ എത്തിച്ചു. ക്വാർട്ടറിൽ നാടകീയത നിറഞ്ഞ മറ്റൊരു മത്സരത്തിനൊടുവിൽ ക്രൊയേഷ്യയെ ഗോൾമഴയിൽ മുക്കിയെത്തുന്ന സ്പെയിനാണ് സ്വിറ്റസർലണ്ടിന്റെ എതിരാളികൾ.

You Might Also Like