‘കളി കാണാനിരിക്കുന്നതെ ഉള്ളൂ’; സ്പെയിന് മുന്നറിയിപ്പുമായി സ്വിസ്സ് പരിശീലകൻ

Image 3
Euro 2020

യൂറോ ഫേവറൈറ്റുകളിൽ ഒരു ടീമായ സ്പെയിനിനെ തോൽപ്പിച്ചു സെമിഫൈനൽ കളിക്കുമെന്ന കാര്യത്തിൽ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സ്വിറ്റ്സർലൻഡ് പരിശീലകൻ വ്ളാദിമിർ പെറ്റ് കോവിച് പറഞ്ഞു. ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം എന്നാണ് സ്വിസ്സ് പരിശീലകൻ പറയുന്നത്.


ഫ്രാൻസിനെ തോൽപ്പിച്ചു ക്വാർട്ടറിൽ എത്തിയതിൽ എല്ലാവരും സന്തുഷ്ടരാണ്. എന്നാൽ ഇവിടം കൊണ്ട് നിർത്താൻ ഉദ്ദേശിക്കുന്നില്ല. കുറഞ്ഞത് സെമിയെങ്കിലും കളിച്ചു മാത്രമേ തിരിച്ചു പോവാൻ ആഗ്രഹമുള്ളൂ. പരിശീലകൻ പറയുന്നു.
അവസാന രണ്ട് മത്സരങ്ങളിൽ പത്തു ഗോളുകൾ എതിർവലയിൽ കയറ്റിയ ശക്തരായ സ്പെയിനിനെ നേരിടുന്നത് എളുപ്പമാവില്ല. പന്ത് കൈവശം വച്ച് കളിക്കാൻ ഇഷ്ടപ്പെടുന്ന സ്പെയിനിനെ തോൽപ്പിക്കണമെങ്കിൽ ടീമിലെ കളിക്കാരെല്ലാം ഇരട്ടിയിലധികം അധ്വാനിക്കേണ്ടി വരും. പെട്കോവിച്ച് കൂട്ടിച്ചേർത്തു.


അതേസമയം ക്വാർട്ടറിൽ നായകൻ ഗ്രാനിത് ഷാക്കയുടെ അഭാവം സ്വിസ്‌നിരക്ക് തിരിച്ചടിയാവും. രണ്ട് മഞ്ഞക്കാർഡുകൾ കണ്ട താരത്തിന് സ്പെയിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ സൂപ്പർതാരം ഷക്കീരി സ്പെയിനിനെതിരെ തിളങ്ങിയാൽ സ്വിറ്റസർലണ്ടിന് ഈ വിടവ് മറികടക്കാനാവും.


എന്നാൽ ഇക്കാര്യത്തിലും സ്വിസ്സ് പരിശീലകൻ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ്. ഷാക്കക്ക് പകരം മികച്ച ആയുധങ്ങൾ തന്റെ ആവനാഴിയിൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.