‘ബ്ലാസ്റ്റേഴ്‌സിന്റെ മെന്റര്‍’ വിടവാങ്ങി, നന്ദിയില്ലാത്ത ലോകത്ത് ഇനി ആ ഇതിഹാസമില്ല
ലോകഫുട്‌ബോളിനെ പിടിച്ചുകുലുക്കിയ ടോട്ടല്‍ ഫുട്‌ബോളിന്റെ അതികമാരും അറിയാത്ത അമരക്കാരന്‍ വിം ഷൂര്‍ബിയന്‍ വിടവാങ്ങി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ക്ലബ് അയാക്‌സ് തന്നെയാണ് ഷൂര്‍ബിയറിന്റെ വിയോഗ വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ മൂലം 75ാം വയസ്സിലാണ് ഷൂര്‍ബിയര്‍ ഈ ലോകത്തോട് യാത്രപറഞ്ഞത്.
ടോട്ടര്‍ ഫുട്‌ബോളില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടും ഇതിഹാസ നായകന്‍ യൊഹാന്‍ ക്രൈഫിന്റെ നിഴലില്‍ ഒതുങ്ങാനായിരുന്നു ഷൂര്‍ബിയറിന്റെ വിധി. ഹോളണ്ട് ദേശീയ ടീമിനൊപ്പം രണ്ട് ലോകകപ്പ് ഫൈനല്‍ തോല്‍വിയിലും ഡച്ച് ക്ലബ് അയാക്‌സ് ആംസ്റ്റര്‍ഡാമിനൊപ്പം മൂന്ന് യൂറോപ്യന്‍ കപ്പ് ിജയാഹ്ലാദത്തിനും പങ്കാളിയായിട്ടുളള പ്രതിരോധ താരമായിരുന്നു ഷൂര്‍ബിയര്‍. അതിവേഗത്തില്‍ സ്വന്തം പാതിയില്‍ നിന്ന് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് കുതിക്കുന്ന ഷൂര്‍ബിയറെ മറവിക്ക് വിട്ട് കൊടുത്തത് ഫുട്‌ബോള്‍ ലോകം ചെയ്ത പൊറുക്കാത്ത ചതിയാണ്.
ഹോളണ്ടിനായി 60 മത്സരങ്ങള്‍ കളിച്ച ഷൂര്‍ബിയര്‍ മറ്റ് യൂറോപ്യന്‍ ക്ലബുകളില്‍ ബൂട്ടണിയും മുമ്പ് 392 മത്സരങ്ങളിലാണ് അയാക്‌സിന്റെ വെള്ളയും ചുപ്പവും കൂപ്പായമിട്ടത്. കരിയറിന്റെ അവസാന ഘട്ടത്തില്‍ അമേരിക്കയിലേക്ക് പോയ ഷൂര്‍ബിയര്‍ കളിക്കാരനായും പിന്നീട് പരിശീലകനായും അമേരിക്കയില്‍ മൂന്ന് പതിറ്റാണ്ടോളം ജീവിച്ചു. അവസാന കാലഘട്ടത്തില്‍ ഏറെ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച താരം മദ്യവില്‍പന ശാലയിലെ ജോലിക്കാരനായിട്ടാണ് ജീവിതം തള്ളിനീക്കിയത്.
ക്രൈഫും മിഷേല്‍സും ഇതിഹാസ താരങ്ങളായി ചരിത്രത്തിലേക്ക് പറന്നപ്പോള്‍ ഷൂര്‍ബിയറിനെ എല്ലാവരും മറന്നു. ഒടുവില്‍ മരണമാണ് താരത്തെ വീണ്ടും ഓര്‍മയിലേക്ക് തിരികെകൊണ്ട് വന്നത്.
ഷൂര്‍ബിയന് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഒരു ബന്ധമുണ്ട്. 2017 സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മെന്ററായി ഷൂര്‍ബിയന്‍ എത്തിയിരുന്നു. റെനെ മ്യൂലന്‍സ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരിക്കെയാണ് ഷൂര്‍ബിയന്‍ മെന്ററായി എത്തിയത്. സ്‌പെയിനില്‍ നടന്ന പ്രീ സീസണില്‍ ടീമിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് ഷൂര്‍ബിയര്‍ ആയിരുന്നു. ശിഷ്യനായ മ്യൂലന്‍സ്റ്റീനിന്റെ ക്ഷണം സ്വീകരിച്ചാണ് ഷൂര്‍ബിയര്‍ എത്തിയത്.