കപിൽ ദേവ് 1983, സൂര്യകുമാർ യാദവ് 2024: അന്നും തോൽ‌വിയിൽ നിന്നും ഇന്ത്യയെ ജയിപ്പിച്ചത് ഒരു അത്ഭുത ക്യാച്ച്

Image 3
CricketTeam IndiaWorldcup

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ടീം ആദ്യമായി അപരാചിതരായി കിരീടം ചൂടി. 2013 ലെ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം 11 വർഷത്തെ ഐസിസി കിരീടവരൾച്ച അവസാനിപ്പിച്ചാണ് ടീം ഇന്ത്യ കിരീടം ചൂടിയത്.

ഇന്ത്യ ഉയർത്തിയ 176 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് പൂർത്തിയാക്കിയതാണ്. ഹെൻറിച്ച് ക്ലാസൻ അക്സർ പട്ടേലിനെതിരെ ഒരോവറിൽ 24 റൺസ് നേടിയതോടെ ഇന്ത്യയുടെ സ്വപ്‌നം ഒരിക്കൽ കൂടി കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമാവുമെന്ന് ഏവരും ഉറപ്പിച്ചു. ഒരുഘട്ടത്തിൽ 28 പന്തുകൾ ബാക്കിനിൽക്കെ 27 റൺസ് മാത്രം മാത്രമേ പ്രോട്ടീസിന് ആവശമുണ്ടായിരുന്നുള്ളൂ. മത്സരം ഇന്ത്യയുടെ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ, ഹാർദിക് പാണ്ഡ്യ അപകടകാരിയായ ക്ലാസനെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചു ഇന്ത്യൻ സ്വപ്‌നങ്ങൾ സജീവമാക്കി.

May be an image of 1 person and text

എന്നിരുന്നാലും, ഡേവിഡ് മില്ലർ ക്രീസിലുള്ളതിനാൽ, അദ്ദേഹത്തിന്റെ ഫിനിഷിംഗ് മികവ് കണക്കിലെടുത്ത് പ്രോട്ടീസ് ആശ്വസിച്ചിട്ടുണ്ടായിരുന്നിരിക്കണം. ഈയവസരത്തിൽ ഇടംകൈയ്യൻ ഫിനിഷർ മത്സരം അവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ച മട്ടിലുമായിരുന്നു. ലോംഗ് ഓഫിലേക്ക് മില്ലറുടെ ഒരു കിടിലൻ ഷോട്ട്. പന്ത് വായുവിൽ സഞ്ചരിക്കുമ്പോൾ, എല്ലാവരുടെയും ഹൃദയം ഒരുനിമിഷം നിശ്ചലമായിരിക്കണം. എന്നാൽ ലോംഗ് ഓഫ് ബൗണ്ടറിയിൽ സൂര്യകുമാർ അമാനുഷികമായ സംയമനത്തോടെ പന്ത് കൈപ്പിടിയിലൊതുക്കി.

അസാമാന്യ മെയ് വഴക്കത്തോടെ പന്ത് കൈപിടിയിലൊതുക്കിയ സൂര്യക്ക് ഒരു നിമിഷം ബാലൻസ് തെറ്റി.. എന്നാൽ 33-കാരൻ പന്ത് പിടിച്ച് ഉടൻ തന്നെ വേലിക്ക് മുകളിലൂടെ വായുവിലേക്ക് എറിഞ്ഞു, പെട്ടെന്ന് തിരിച്ചെത്തിയ സൂര്യ ഐസിസി ഇവന്റുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് പൂർത്തിയാക്കി.

സൂര്യയുടെ അസാമാന്യ പ്രകടനത്തോടെ ഇന്ത്യ കളി തിരിച്ചുപിടിച്ചു. ഭുമ്രയും, ഹർദിക് പാണ്ട്യയും ബൗളിങ്ങിൽ വിശ്വരൂപം പുറത്തെടുത്തതോടെ ഫൈനലിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് ടീം ഇന്ത്യ രജിസ്റ്റർ ചെയ്തു. 1983 ലെ ലോകകപ്പ് ഫൈനലിൽ സാക്ഷാൽ കപിൽ ദേവിന്റെ ചരിത്രപരമായ ക്യാച്ചിനെ ഓർമ്മിപ്പിക്കുന്നതാണ് സൂര്യകുമാർ യാദവിന്റെ ക്യാച്ച്.

1983 ലോകകപ്പിൽ കപിൽ ദേവിന്റെ ക്യാച്ച്

83 ഫൈനലിൽ ഇന്ത്യ ഉയർത്തിയ 184 എന്ന ചെറിയ ലക്‌ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ്, സൂപ്പർ താരം വിവ് റിച്ചാർഡ്സിന്റെ 33 (27), വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയവഴിയിലായിരുന്നു. എന്നിരുന്നാലും, മദൻ ലാലിനെ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച റിച്ചാർഡ്സിന്റെ കണക്കുകൂട്ടൽ പിഴച്ചു. കപിൽ ദേവ് പിന്നോട്ട് ഓടിയെടുത്ത ഒരു അതിശയകരമായ ക്യാച്ചിൽ റിച്ചാർഡ്‌സ് ഔട്ട്.

കപിലിന്റെ ക്യാച്ച് മത്സരത്തിന്റെ ഗതി മാറ്റിയതോടെ ഇന്ത്യയുടെ വർദ്ധിത വീര്യത്തിന് മുന്നിൽ വിൻഡീസിന് പിടിച്ചുനിൽക്കാനായില്ല. ഇതോടെ വെസ്റ്റ് ഇൻഡീസ് 140 റൺസിന് പുറത്ത്.. കപിലിന്റെ ചെകുത്താന്മാർ പുത്തൻ വീരഗാഥ രചിച്ചു ലോകകപ്പ് ഉയർത്തി. കപിലിന്റെ ചെകുത്താന്മാർ ശക്തരായ വെസ്റ്റ് ഇൻഡീസിനെ തകർത്ത കഥ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വീരഗാഥകളിൽ ഒന്നായി ഇന്നും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു.