ബാബറിന് തൊട്ടടുത്ത്, ടി20 റാങ്കിംഗില്‍ ചരിത്രമെഴുതി സൂര്യ
ടി20 റാങ്കിംഗില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേയ്ക്കാണ് മാര്‍ച്ച് ചെയ്തിരിക്കുന്നത്. 816 റേറ്റിംഗുമായാണ് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗില്‍ സൂര്യയെത്തിയത്.
ഒന്നാം സ്ഥാനത്തുള്ള പാക് നായകന്‍ സാക്ഷാല്‍ ബാബര്‍ അസമില്‍ നിന്ന് രണ്ട് റേറ്റിംഗ് മാത്രം അകലെയാണ് നിലവില്‍ സൂര്യയിപ്പോള്‍. 818 ആണ് ബാബര്‍ അസമിന്റെ റേറ്റിംഗ്. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരത്തില്‍ കൂടി മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ബാബറിനേയും മറികടന്ന് സൂര്യയ്ക്ക് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കാനാകും.
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യക്ക് റങ്കിംഗില്‍ കരിയര്‍ ബെസ്റ്റില്‍ എത്താന്‍ തുണയായത്. കളിയില്‍ 44 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത താരത്തിന്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
സൂര്യക്ക് പിന്നില്‍ 14ാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ് മികച്ച റാങ്കിംഗുള്ള ഇന്ത്യന്‍ താരം. നായകന്‍ രോഹിത് ശര്‍മ 16ാം സ്ഥാനത്തുണ്ട്. ഒരു കാലത്ത് ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോഹ്ലി നിലവില്‍ 28ാം റാങ്കുകാരനാണ്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം, ഇംഗ്ലണ്ട് താരം ഡേവിഡ് മലാന്‍ എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
മൂന്നാം ടി-20യില്‍ ആധികാരികമായാണ് ഇന്ത്യ വിജയിച്ചത്. ബാസെറ്ററിലെ വാര്‍ണര്‍ ഗ്രൗണ്ടില്‍ 7 വിക്കറ്റിന് വിന്‍ഡീസിനെ പരാജയപ്പെടുത്തി. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.