ആ തുറിച്ച് നോട്ടത്തിന് ശേഷം കോഹ്ലി പറഞ്ഞത്, സൂര്യകുമാറിന്റെ വെളിപ്പെടുത്തല്‍
ഐപിഎല്‍ 13ാം സീസണില ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന നിമിഷങ്ങളിലൊന്നാണ് മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മിലെ മത്സരത്തിനിടെ ഉണ്ടായ കോഹ്ലി-സൂര്യകുമാര്‍ പോരാട്ടം. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വീണ്ടും അവഗണിക്കപ്പെട്ടതിന്റെ നിരാശയില്‍ ബാറ്റ് ചെയ്ത സൂര്യകുമാറിനെ പ്രകോപിപ്പിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ശ്രമം നടത്തിയതാണ് ഈ കളിയെ ശ്രദ്ധേയമാക്കിയത്.
എന്നാല്‍ മത്സരശേഷം കോഹ്ലിയും താനും നടത്തിയ സംഭാഷണം എന്തായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവ്.
‘എല്ലാ മത്സരത്തിലും കോഹ്ലിയെ ഇത്തരത്തില്‍ ഊര്‍ജ്ജസ്വലനായി കണ്ടിട്ടുണ്ട്. ഐപിഎല്ലില്‍ ആണെങ്കിലും ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോഴാണെങ്കിലും അദ്ദേഹത്തിന്റെ ആക്രമണോത്സുകത എല്ലായ്‌പ്പോഴും ശ്രദ്ധേയമാണ്. അവര്‍ക്ക് അത് ഒരു പ്രധാന മത്സരമായിരുന്നു. മത്സരശേഷം കോഹ്ലി സാധാരണ നിലയിലായി. നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.’ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അത് ഒന്നുമളല്ല. ആ നിമിഷത്തിന്റെ ഒരു ചൂടു മാത്രമാണ്. ഇത് ഇത്രയധികം ചര്‍ച്ചയായതില്‍ ആശ്ചര്യമുണ്ടെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
മത്സരത്തില്‍, ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക്, കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയ ഇന്നിങ്‌സിലൂടെയാണ് സൂര്യകുമാര്‍ വഴികാട്ടിയത്. 43 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ സൂര്യ അടിച്ചുകൂട്ടിയത് 79 റണ്‍സ്. മുംബൈ അഞ്ച് വിക്കറ്റിന് മത്സരം വിജയിക്കുകയും ചെയ്തു.
തോറ്റാല്‍ പ്ലേ ഓഫ് സാധ്യത മങ്ങുമെന്ന് അറിയാവുന്ന കോഹ്ലി, മത്സരത്തിലുടനീളം ടീമിനെ പ്രചോദിപ്പിച്ച് നിര്‍ത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു. സൂര്യകുമാറിന്റെ ഇന്നിങ്‌സ് ബാംഗ്ലൂര്‍ വിജയത്തിന് തടസ്സമായേക്കാമെന്ന തോന്നലില്‍, താരവുമായി ഉരസാനായിരുന്നു കോഹ്ലിയുടെ ശ്രമം.
ഡെയ്ല്‍ സ്റ്റെയ്ന്‍ എറിഞ്ഞ 13ാം ഓവറിലാണ് വിവാദമായ സംഭവം. ഈ ഓവറിലെ രണ്ടും മൂന്നു പന്തുകള്‍ ബൗണ്ടറി കടത്തിയ സൂര്യകുമാര്‍, അഞ്ചാം പന്തില്‍ വീണ്ടും ബൗണ്ടറി കണ്ടെത്തി. ഇതോടെ മുംബൈ സ്‌കോര്‍ 99ലെത്തി. സൂര്യകുമാര്‍ 40 റണ്‍സും പൂര്‍ത്തിയാക്കി. തൊട്ടടുത്ത പന്തില്‍ ശ്രദ്ധാപൂര്‍വം ബാറ്റുവച്ച സൂര്യ, പന്ത് പതുക്കെ തട്ടിയിടുക മാത്രം ചെയ്തു.
https://twitter.com/_harshareddy/status/1321497023799988227?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1321497023799988227%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2020%2F11%2F21%2Fsuryakumar-yadav-reveals-conversation-with-virat-kohli-after-stare-off-incident-in-ipl.html
ഈ പന്ത് പിടിച്ചെടുത്ത കോഹ്ലി, എന്തോ പറഞ്ഞുകൊണ്ട് സൂര്യകുമാറിന് സമീപത്തേക്ക് നടന്നടുക്കുകയായിരുന്നു. കളത്തില്‍ മേധാവിത്തം പിടിച്ചെടുക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കോഹ്ലിയുടെ വരവില്‍ സൂര്യകുമാര്‍ തെല്ലും പതറിയില്ല. മാത്രമല്ല, കോഹ്ലിയുടെ നോട്ടത്തെ അതേ തീവ്രതയോടെ തന്നെ നേരിടുകയും ചെയ്തു. പന്തില്‍ വിയര്‍പ്പ് തേച്ച് അരികിലേക്ക് നടന്നെത്തിയ കോഹ്ലിയെ നിന്നപടി തുറിച്ചുനോക്കുന്ന സൂര്യകുമാറിന്റെ വിഡിയോ വൈറലായി. പന്തുമായി നടന്നെത്തിയ കോഹ്ലി സൂര്യകുമാറിന് തൊട്ടടുത്ത് നിലയുറപ്പിക്കുന്നതും വിഡിയോയില്‍ കാണാം.