സഞ്ജുവിനെ പുറത്താക്കണം, പകരം ആ രണ്ട് താരങ്ങള്‍ക്ക് അവസരം നല്‍കണം, ഇന്ത്യന്‍ താരം തുറന്ന് പറയുന്നു

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്കായി മലയാളി താരം സഞ്ജു സാംസണ് തിളങ്ങാന്‍ സാധിക്കാത്തതിനാല്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സിന്റെ യുവതാരങ്ങളായ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അവസരം നല്‍കണമെന്ന് ചോപ്ര പറഞ്ഞു.

‘സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനും സെലക്ഷന് വേണ്ടി വാതില്‍ മുട്ടുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ അത്ര അകലെ അല്ല. കാരണം, സഞ്ജുവിന് അവസരം ലഭിച്ചു. എന്നാല്‍ അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല.’

‘2020ലേത് പോലെ 2021ലും ഇഷാന്‍ കിഷനും, സൂര്യകുമാറിനും ഐ.പി.എല്ലില്‍ സ്ഥിരത കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇരുവരും ഉറപ്പായും രാജ്യാന്തര ക്രിക്കറ്റ് കളിക്കും. ശ്രേയസ് അയ്യര്‍ 50-50 എന്ന അവസ്ഥയിലാണ്. ശ്രേയസിന്റെ ഓസീസ് പര്യടനം മികച്ചതായിരുന്നില്ല. അത് നിരാശപ്പെടുത്തുന്നതായിരുന്നു’ ചോപ്ര പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും പ്രകടനം മുംബൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ഓസീസിനെതിരെ മൂന്ന് ടി20യിലും അവസരം നല്‍കിയെങ്കിലും ഒരു മത്സരത്തില്‍ പോലും മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചില്ല.

You Might Also Like