സൂര്യ ചതിച്ചിട്ടില്ല, ആ ക്യാച്ചെടുത്തപ്പോള്‍ ബൗളറി കുഷ്യന്‍ മാറിക്കിടന്നതെങ്ങനെ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Image 3
Uncategorized

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവെടുത്ത ക്യാച്ചിനെ കുറിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നല്ലോ. നിര്‍ണ്ണായക സമയത്ത് സൂര്യ ക്യാച്ചെടുക്കുന്ന സമയത്ത് ബൗണ്ടറി കുഷ്യന്‍ യഥാര്‍ഥ ബൗണ്ടറി ലൈന്‍ വേണ്ടയിടത്തു നിന്ന് അല്‍പം നീങ്ങിയായിരുന്നു കിടന്നിരുന്നത്. ഇതാണ് വിവാദത്തിന് കാരണമായത്.

ബൗണ്ടറി കുഷ്യന്‍ നീങ്ങിക്കിടക്കുന്നതും യഥാര്‍ഥത്തില്‍ അത് വേണ്ടയിടത്ത് പുല്ലില്‍ ബൗണ്ടറി ലൈനിന്റെ അടയാളം കാണുന്നതുമെല്ലാം ഇത്തരത്തില്‍ പങ്കുവെച്ച വീഡിയോയിലും ഉണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ രണ്ടാം ഇന്നിങ്സില്‍ ബൗണ്ടറി കുഷ്യന്‍ ബോധപൂര്‍വം പുറത്തേക്ക് തള്ളിയതായി വരെ ആരോപണമുയര്‍ന്നു.

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തിലെ വിവാദം അവസാനിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിഷ്യനായ രജ്നീഷ് ഗുപ്ത. ഇന്ത്യന്‍ ഇന്നിങ്സിന്റെ സമയത്തും ബൗണ്ടറി കുഷ്യന്‍ ഇത്തരത്തില്‍ നീക്കിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയത്.

‘ഞാന്‍ അവിടെ ഗ്രൗണ്ടില്‍ ടിവി കമന്ററി ബോക്സില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ ആശയക്കുഴപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സംശയാസ്പദമായ വെള്ള വര ബൗണ്ടറിയല്ലെന്ന് എനിക്ക് പറയാന്‍ സാധിക്കും. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ബൗണ്ടറി കുഷ്യന്‍ ആ വെള്ള വരയ്ക്ക് പിന്നിലായിരുന്നു.

ഗ്രൗണ്ടിലെ പിച്ച് മാറുമ്പോള്‍ ബൗണ്ടറികള്‍ അതിനനുസരിച്ച് ക്രമീകരിക്കും. അതൊരു സാധാരണ രീതിയാണ്. ഇത് ബൗണ്ടറി കുഷ്യന്‍ നേരത്തേ കിടന്നിടത്ത് ഒരു വെളുത്ത അടയാളമുണ്ടാക്കും.

ഒരു പ്രത്യേക സ്ഥലത്ത് മാത്രമല്ല, മുഴുവന്‍ ഭാഗത്തെ ബൗണ്ടറി കുഷ്യനും പിന്നിലേക്ക് തള്ളിയതായി ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഒരു ഫീല്‍ഡര്‍ അറിഞ്ഞുകൊണ്ട് ബൗണ്ടറി കുഷ്യന്‍ സ്ഥാനം മാറ്റുകയും ഗ്രൗണ്ട് സ്റ്റാഫ് അത് ശരിയായ സ്ഥലത്ത് തിരികെ വയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യമല്ല ഇത്. ഒന്നുമില്ലാത്തപ്പോള്‍ ദയവായി വിവാദങ്ങള്‍ ഉണ്ടാക്കരുത്.’ – രജ്നീഷ് ഗുപ്ത കുറിച്ചു.