എങ്ങനെ എറിഞ്ഞാലും അടിയോടടി, സൂര്യ സ്വന്തമാക്കിയത് അവിശ്വസനീയ റെക്കോര്‍ഡുകള്‍

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഒരുവേള ഈ പരമ്പര കളിക്കാന്‍ എടുത്ത തീരുമാനത്തെ ശപിച്ചിട്ടുണ്ടാകും. ഗുവഹാത്തിയില്‍ സൂര്യകുമാര്‍ യാദവെന്ന ഒറ്റയാന്‍ അങ്ങനെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ശിക്ഷിച്ചത്. എങ്ങനെ എറിഞ്ഞാലും സൂര്യയില്‍ നിന്ന് അടിയേറ്റ് വാങ്ങാനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ വിധി.

11.3 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 107 എത്തിനില്‍ക്കെയാണ് സൂര്യ ക്രീസിലെത്തിയത്. പിന്നെ ക്രിക്കറ്റ് ലോകം അടിയുടെ പൊടിപൂരമായിരുന്നു. കേവലം 18 പന്തിലായിരുന്നു സൂര്യ 50 തൊട്ടത്. പുറത്താകുമ്പോള്‍ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 61 റണ്‍സാണ് സൂര്യ നേടിയത്. അപ്പോഴേക്കും 18.1 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 209ലെത്തിയിരുന്നു.

360 ഡിഗ്രിയിലും ബാറ്റ് തിരിയുന്ന അനിതസാദാരണമായ ഷോട്ടുകളും കുത്തൊവുക്കായിരുന്നു സൂര്യയുടെ ബാറ്റിംഗ്. ക്രിക്കറ്റില്‍ ഇനിയും പേരിട്ട് വിളിക്കാത്ത നിരവധി ഷോട്ടുകളും പ്രദര്‍ശനമാണ് സൂര്യ കേവലം 22 പന്തുകളില്‍ കാഴ്ച്ചവെച്ചത്.

102 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കോഹ്ലിയും സൂര്യയും ചേര്‍ന്ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തുന്നതിനിടെ 19ആം ഓവറിലെ ആദ്യ പന്തില്‍ ദയനീയമായി റണ്‍ഔട്ടില്‍ കീഴടങ്ങുകയായിരുന്നു സൂര്യകുമാര്‍ യാദവ്.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യില്‍ വമ്പന്‍ റെക്കോഡ് കുറിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. മത്സരത്തില്‍ ടി20യില്‍ 1000 റണ്‍സും സൂര്യ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവിന് ഈ ഫോര്‍മാറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുവാന്‍ വെറും 573 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കുറവ് പന്തില്‍ 1000 റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന വമ്പന്‍ റെക്കോര്‍ഡ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി.

കൂടാതെ അന്താരാഷ്ട്രാ ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സൂര്യകുമാര്‍ യാദവ് പിന്നിലാക്കി.

ഈ വര്‍ഷം ഇതിനോടകം 53 സിക്‌സ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുണ്ട്. 1998 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 51 സിക്‌സ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയിരുന്നു. നിലവില്‍ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവുള്ളത്. ഈ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. 2019 ല്‍ 78 സിക്‌സ് നേടിയിട്ടുള്ള ഹിറ്റ്മാന്‍ 2018 ല്‍ 74 സിക്‌സും 2017 ല്‍ 65 സിക്‌സും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്.

 

You Might Also Like