ശ്രീ ‘എന്റെ സഹോദരന്’, ഒടുവില്‍ മൗനം മുറിച്ച് റെയ്ന
ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റയെ്ന. ട്വിറ്ററിലൂടെയാണ് ശ്രീശാന്തിന് റെയ്ന ആശംസകള്‍ അര്‍പ്പിച്ചത്. ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു എന്ന് സൂചിപ്പിച്ച് ശ്രീശാന്ത് ഇട്ട ട്വീറ്റിനാണ് റെയ്ന പ്രതികരണവുമായി എത്തിയത്.
‘എന്റെ സഹോദരന് നല്ലതുവരട്ടെ! നന്നായി പരിശ്രമിക്കുക. നീ ആഗ്രഹിച്ചത് നേടാന്‍ നിനക്കാകട്ടെ!, ബഹുമാനം’ റെയ്ന പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യില്‍ കളിച്ചാണ് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്റെ മടങ്ങി വരവ്.കെസിഎ ടൈഗേഴ്സ് ക്ലബിനായാണ് ശ്രീശാന്ത് പന്തെറിയുക. ശ്രീശാന്ത് കളിക്കുന്ന കാര്യം കെസിഎ സ്ഥിരീകരിച്ചു. കെസിഎ ടൈഗേഴ്സ് ഉള്‍പ്പെടെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍.
കോവിഡിന്റെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചതായി കെസിഎ പറഞ്ഞു.പ്രത്യേക ബയോ സെക്യുര്‍ ബബിള്‍ ഉണ്ടാക്കിയാകും ടൂര്‍ണമെന്റ് നടത്തുക.
2013ല്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി ഐപിഎല്‍ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ബിസിസിഐ താരത്തിന് മേല്‍ ആജിവനാന്ത വിലക്കും ഏര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമാക്കി ബിസിസിഐ കുറച്ചത്.