ഒന്നും അവസാനിച്ചിട്ടില്ല; ചെന്നൈ സൂപ്പർകിങ്സിന് മറുപടിയുമായി സുരേഷ് റെയ്‌ന

ഐപിഎഎല്ലിനായി ദുബൈയിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വഡിൽ നിന്നും സൂപ്പർ താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഐപിഎല്ലിനിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചെന്നൈ ഫ്രാഞ്ചൈസിയുമായി ഉടലെടുത്ത പടലപ്പിണക്കത്തിന്റെ ഭാഗമായാണ് റെയ്ന പിന്മാറിയത് എന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. തുടർന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച റെയ്‌നയുടെ ക്രിക്കറ്റ് ജീവിതത്തിന്റെ അന്ത്യമായെന്ന് ആരാധകരും കരുതി.

എന്നാൽ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇനിയും സജീവമായി തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റെയ്‌ന. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌നയുടെ പ്രഖ്യാപനം. ഒരാഴച്ചക്കകം തന്നെ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ സജീവമായി കാണാമെന്നാണ് റെയ്‌നയുടെ പ്രഖ്യാപനം. വരാനിരിക്കുന്ന മുഷ്താഖ് അലി ടി20യില്‍ തരാം പാഡ് അണിയുന്നത് വീണ്ടും കാണാമെന്നാണ് പ്രഖ്യാപനം.

‘ഒരാഴ്ച്ചയ്ക്കകം ഞാന്‍ ഗ്രൗണ്ടിൽ മടങ്ങിയെത്തും. വരുന്ന സയ്യീദ് മുഷ്താഖ് അലി ടി20യില്‍ ഉത്തര്‍ പ്രദേശിന്റെ നായകനായി നിങ്ങൾക്കെന്നെ കാണാം. അടുത്ത ഐപിഎല്‍ സീസണിലും കാളികാണാനാണ് തീരുമാനം.” റെയ്‌ന വ്യക്തമാക്കുന്നു. നേരത്തെ താരത്തെ ഇനി ഐപിഎലിൽ ചെന്നൈക്കായി കളിപ്പിക്കില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ അടുത്ത സീസണിൽ ഏതു ടീമിന്റെ ഭാഗമായാവും താരം പാഡണിയുക എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

മുഷ്താഖ് അലി ട്രോഫിയുടെ ഫിക്സ്ചര്‍ ബിസിസിഐ പുറത്തു വിട്ടിട്ടില്ലെങ്കിലും അടുത്ത മാസം തന്നെ ടൂർണമെന്റ് ആരംഭിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ടൂർണമെന്റിൽ കളിക്കാനായാൽ നീണ്ട രണ്ടു വര്‍ഷത്തിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ യുപി നായകനായി റെയ്‌നയെ കാണാം എന്ന ആവേശത്തിലാണ് ആരാധകർ.

You Might Also Like