റെയ്‌നയോട് നന്ദികേട് കാണിക്കരുത്, ദ്രാവിഡ് ഇടപെടുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയ്‌ക്കൊപ്പം വിരമിച്ച സുരേഷ് റെയ്‌നയെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ നയാകന്‍ രാഹുല്‍ ദ്രാവിഡ്. എല്ലാവരും ധോണിയെ പുകഴ്ത്തുകയും റെയ്‌നയെ മറവിയിലേക്ക് തള്ളുകയും ചെയ്യുമ്പോഴാണ് ഇന്ത്യന്‍ വന്‍ മതിയിലിന്റെ ഇടപെടല്‍.
റെയ്‌നയുടെ സംഭാവനകള്‍ ഉയര്‍ത്തി കാട്ടിയാണ് കഴിഞ്ഞ ദിവസം ദ്രാവിഡ് രംഗത്തെത്തിയത്. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. അതിനാല്‍ തന്നെ മറ്റാരേക്കാളുമേറെ റെയ്‌നയെ നന്നായി അറിയുന്ന താരമാണ് ദ്രാവിഡ്.
ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമായി റെയ്‌ന മാറുമെന്ന് തനിക്ക് അന്നേ വിശ്വാസമുണ്ടായിരുന്നതായും അത് ശരിയാകുന്നതാണ് പിന്നീട് കണ്ടതെന്നും ദ്രാവിഡ് പറഞ്ഞു. ബിസിസിഐ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ദ്രാവിഡിന്റെ പ്രതികരണം.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തമാക്കിയ അവിസ്മരണീയ വിജയങ്ങളില്‍ പലതിലും റെയ്‌നയുടെ കൈയൊപ്പുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റെയ്‌നയുടെ സംഭാവന അസാമാന്യമായിരുന്നു. ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് റെയ്‌ന. അതിനെല്ലാം പുറമെ ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. കളിക്കളത്തില്‍ അദ്ദേഹം പുറത്തെടുക്കുന്ന ഊര്‍ജ്ജവും ഫീല്‍ഡിംഗ് നിലവാരവും അസാമാന്യമായിരുന്നു’ ദ്രാവിഡ് പറയുന്നു.
അതെസമയം റെയ്‌നയ്ക്ക് പിഴച്ചതെവിടെയെന്നും ദ്രാവിഡ് വിലയിരുത്തുന്നുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടി മുകളില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കരിയറില്‍ ഇതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ റെയ്‌നക്ക് സ്വന്തമാക്കാനാവുമായിരുന്നെന്ന് ദ്രാവിഡ് പറയുന്നു. ഐപിഎല്ലിലെ റെയ്‌നയുടെ പ്രകടനമാണ് ഇക്കാര്യത്തില്‍ ദ്രാവിഡ് ചൂണ്ടികാണിക്കുന്നത്.
‘ഐപിഎല്ലില്‍ ചെന്നൈക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നമ്മളത് കണ്ടതാണ്. ഐപിഎല്ലില്‍ കഴിഞ്ഞ ഒറു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. കരിയറില്‍ ഭൂരിഭാഗവും അഞ്ചാമതോ ആറാമതോ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. ടീം ഇന്ത്യക്കായി എപ്പോഴും കടുപ്പമേറിയ ജോലികള്‍ ചെയ്തത് റെയ്‌നയായിരുന്നു’ ദ്രാവിഡ് തുറന്ന് പറയുന്നു.
ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങുക, ബുദ്ധിമുട്ടേറിയ പൊസിഷനുകളില്‍ ഫീല്‍ഡ് ചെയ്യുക, കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യുക. അങ്ങനെ എന്തും ചെയ്യാന്‍ അദ്ദേഹം റെഡിയാണ്. മികച്ച ബാറ്റ്‌സ്മാനും മികച്ച ഫീല്‍ഡറുമെന്നതിലുപരി മികച്ച ടീം മാനുമാണ് റെയ്‌ന. ബാറ്റ് ചെയ്യുന്നതിനൊപ്പം ഫീല്‍ഡിംഗിലും ബൗളിംഗിലുമെല്ലാം തന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന യൂട്ടിലിറ്റി കളിക്കാരനായിരുന്നു റെയ്‌ന. സെഞ്ചുറിയടിച്ച് ടെസ്റ്റ് കരിയര്‍ തുടങ്ങിയെങ്കിലും അത് തുടരാന്‍ അദ്ദേഹത്തിനായില്ല. പക്ഷെ അപ്പോഴും ഏകദിന, ടി20 ക്രിക്കറ്റില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അസാമാന്യമായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു