റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു, ക്രൂരമായ ആക്രമണത്തിനിരയായി റെയ്‌നയുടെ കുടുംബം

Image 3
CricketIPL

ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്മാറാനുളള കാരണം പുറത്ത്. റെയ്‌നയുടെ അമ്മാവന്റെ വീടിനുനേരെ ഒരു സംഘം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു. അമ്മായി ഗുരുതരമായ നിലയില്‍ ആശുപത്രിയിലാണ്.

പത്താന്‍കോട്ടിലെ തറിയല്‍ ഗ്രാമത്തില്‍ ഓഗസ്റ്റ് 19ന് അര്‍ധ രാത്രിയാണ് ആക്രണം നടന്നിരിക്കുന്നത്. വീട്ടുകാരെല്ലാം ഉറക്കത്തിലായ സമയത്താണ് ക്രൂരകൃത്യം നടന്നത്. ആക്രമിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ആക്രമിക്കൂട്ടം ആയുധങ്ങള്‍ ഉപയോഗിച്ചാണ് വീട്ടില്‍ ഇരച്ചുകയറിയതെന്ന് പ്രമുഖ ഇന്ത്യന്‍ ദിനപത്രമായ ദൈനിക്ക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ 58കാരനായ റെയ്‌നയുടെ അമ്മാവനാണ് കൊല്ലപ്പെട്ടത്. റെയ്‌നയുടെ പിതാവിന്റെ സഹോദരിയായ അമ്മിയി അശാ ദേവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. റെയ്‌നയുടെ ബന്ധുക്കളായ കൗശാല്‍ കുമാര്‍ (32), അഭിന്‍ കുമാര്‍ (24) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അശോക് കുമാറിന്റെ 80 വയസ്സുളള മാതാവും പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ കാരണം അറിയാനും ആക്രമികളെ പിടികൂടാനും പ്രത്യേക പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ഇതുവരെ കാര്യമായ തെളിവെന്നും പുറത്ത് വന്നിട്ടില്ല.

അതെസമയം നിലവില്‍ ഐപിഎല്‍ കളിക്കാന്‍ യുഎഇയിലുളള സുരേഷ് റെയ്‌ന ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക് റെയ്‌ന മടങ്ങിയതെന്നാണ് സിഎസ്‌കെ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും റെയ്‌ന വിരമിച്ചിരുന്നു.