റെയ്‌നയുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി ചെന്നൈ, ഇരുട്ടടി

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയെ വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീം നിലനിര്‍ത്തിയേക്കില്ലെന്നൂ റിപ്പോര്‍ട്ടുകള്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയ്‌നയുടെ മോശം പ്രകടനമാണ് ചെന്നൈയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

അടുത്ത മാസത്തെ ലേലത്തിനു മുന്നോടിയായി ഈ മാസം 20നുള്ളില്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ എട്ടു ഫ്രാഞ്ചൈസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സിഎസ്‌കെ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍ റെയ്നയുമുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

11 കോടി രൂപയാണ് നിലവില്‍ റെയ്നയ്ക്കു സിഎസ്‌കെ പ്രതിവര്‍ഷം നല്‍കുന്നത്. ഐപിഎല്‍ നിയമപ്രകാരം നിലനിര്‍ത്തുന്ന താരത്തിന് കഴിഞ്ഞ സീസണില്‍ നല്‍കിയ അതേ തുക തന്നെ നല്‍കേണ്ടതുണ്ട്. ഇതു കുറയ്ക്കാനോ, നിലനിര്‍ത്തുന്ന താരത്തിന്റെ ശമ്പളം വര്‍ധിപ്പിക്കാനോ അനുവാദമില്ല. ഇതിനര്‍ഥം 11 കോടി തന്നെ ഇത്തവണയും റെയ്നയ്ക്കായി സിഎസ്‌കെ മുടക്കേണ്ടിവരും.

സിഎസ്‌കെയിലെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയ്ക്കു റെയ്നയേക്കാള്‍ നാലു കോടി കുറവാണ് ശമ്പളമായി ലഭിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ റെയ്നയ്ക്കു വേണ്ടി ഇത്രയും ഉയര്‍ന്ന തുക മുടക്കണോയെന്നതാണ് ചെന്നൈ ആലോചിക്കുന്നത്.

റെയ്നയുടെ ഇപ്പോഴത്തെ ഫോമാണ് അദ്ദേഹത്തെ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ സിഎസ്‌കെയെ ആശയക്കുഴപ്പത്തിലാക്കുന്ന രണ്ടാമത്തെ ഘടകം. മുഷ്താഖ് അലി ട്രോഫിയുടെ അദ്ദേഹത്തിന്റെ പ്രകടനം സിഎസ്‌കെ നിരീക്ഷിച്ചു വരികയാണ്. ഇതിനകം നാലു കളികാണ് യുപിക്കു വേണ്ടി റെയ്ന കളിച്ചത്. പഞ്ചാബിനെതിരായ മല്‍സരത്തില്‍ ആദ്യ മല്‍സരത്തില്‍ പുറത്താവാതെ 50 ബോളില്‍ 56 റണ്‍സെടുത്തത് മാറ്റി നിര്‍ത്തിയാല്‍ മറ്റു മൂന്നു കളികളിലും താരം ഫ്ളോപ്പായി മാറി.

ഐപിഎല്‍ ചരിത്രം പരിശോധിച്ചാല്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം പ്രതിഫലം പറ്റിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് റെയ്ന. 88.9 കോടി രൂപ വിവിധ ഫ്രാഞ്ചൈസികളില്‍ നിന്നും ശമ്പളമായി റെയ്ന നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റില്‍ കളിക്കാതെ പിന്‍മാറിയതിനാല്‍ 11 കോടി രൂപ ഉള്‍പ്പെടുത്താതെയാണ് അദ്ദേഹം 88.9 കോടി ശമ്പളമായി കീശയിലാക്കിയത്.

നിലവില്‍ ശമ്പളമായി മാത്രം ഐപിഎല്ലില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത് മൂന്നു താരങ്ങള്‍ മാത്രമാണ്. എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്സ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലുള്ളത്. വരാനിരിക്കുന്ന സീസണില്‍ സിഎസ്‌കെ നിലനിര്‍ത്തിയാല്‍ റെയ്നയും 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും.

You Might Also Like