വെടിക്കെട്ടുമായി സഞ്ജുവിന്റെ ഹീറോയിസം വീണ്ടും, ഇനിയാര്‍ക്ക് തടയാനാകും ഈ മലയാളിയെ

ഐപിഎല്ലില്‍ മലയാളി നായകന്‍ സഞ്ജു വി സാംസണിന്റെ ഹീറോയിസം ഒരിക്കല്‍ കൂടി കണ്ട മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസസ് ഹൈദരാബിദിന് 165 റണ്‍സ് വിജയ ലക്ഷ്യം. ബാറ്റ് കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച സഞ്ജു ഒരിക്കല്‍ കൂടി രാജസ്ഥാന്റെ രക്ഷകനാകുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് 164 റണ്‍സെടുത്തത്.

അവസാന ഓവര്‍ വരെ പൊരുതിയ സഞ്ജു 57 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 82 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമായി സഞ്ജു മാറി. ശിഖര്‍ ധവാനെയാണ് സഞ്ജു ഓവഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ മറികടന്നത്. മാത്രമല്ല ഐപിഎല്ലില്‍ 3000 റണ്‍സ് എന്ന കടമ്പയും സഞ്ജു മറികടന്നു.

ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറിലെ ആദ്യത്തെ പന്തില്‍ എവിന്‍ ലെവിസിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. നാല് പന്തില്‍ ആറ് റണ്‍സാണ് ലെവിസ് എടുത്തത്. രണ്ടാം വിക്കറ്റില്‍ യഷ് വി ജയ്‌സ്വാളും സഞ്ജു സാംസണും 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്ത ജയ്‌സ്വാളിന് സന്ദീപ് ശര്‍മ്മ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീടെത്തിയ ലിവിംഗ്സ്റ്റണ്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. റാഷിദ് ഖാന്റെ പന്തില്‍ കശ്മീര്‍ താരം അബ്ദുല്‍ സമദ് പിടിച്ചാണ് നാല് റണ്‍സുമായി ലിവിംസ്റ്റന്‍ പുറത്തായത്.

പിന്നീട് സഞ്ജു ലെംറോറുമായി ഒത്തുചേര്‍ന്ന് വീണ്ടുമൊരു മികച്ച കൂട്ടുകെട്ടുണ്ടാക്കി. 88 റണ്‍സാണ് ഇരുവരും നാലാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ലെംറോര്‍ 28 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ സഞ്ജു പുറത്തായതിന് പിന്നാലെയെത്തിയ പരാഗ് ആദ്യ പന്തില്‍ തന്നെ പുറത്തായി. തെവാത്തിയ റണ്‍സൊന്നും എടുക്കാതെ ക്രീസിലുണ്ടായിരുന്നു.

സണ്‍റൈസസിനായി സിദ്ധാര്‍ത്ഥ് കൗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

You Might Also Like