അവനാണ് തോല്‍പിച്ചത്, ഇന്ത്യന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ച് ഇതിഹാസ താരം

ബംഗ്ലാദേശിനെതിരെ തോല്‍വിയ്ക്ക് പിന്നാലെ ടീം ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത്. മത്സരം കൈവിടാനുള്ള പ്രധാന കാരണം ആ ക്യാച്ച് വിട്ടുകളഞ്ഞതാണെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.

‘ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 70-80റണ്‍സെങ്കിലും ഇന്ത്യ കൂടുതല്‍ നേടണമായിരുന്നു. ചെറിയ സ്‌കോറില്‍ പുറത്തായിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിജയപ്രതീക്ഷ നല്‍കാന്‍ സാധിച്ചു. രാഹുല്‍ കൈവിട്ട ക്യാച്ചാണ് മത്സരം ഇന്ത്യക്ക് നഷ്ടമാക്കിയത്. ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടമായിരിക്കെ രാഹുല്‍ ആ ക്യാച്ച് എടുക്കണമായിരുന്നു’ ഗവാസ്‌കര്‍ പറഞ്ഞു.

136ന് 9 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് 187 റണ്‍സില്‍ എത്തിയത്. മെഹ്ദി ഹസന്‍ 17 റണ്‍സില്‍ നില്‍ക്കെയായിരുന്നു രാഹുല്‍ ക്യാച്ച് കൈവിട്ടത്. പിന്നീട് പുറത്താകാതെ 38 റണ്‍സെടുത്ത മെഹ്ദിയാണ് കളി ബംഗ്ലാദേശിനെ ജയിപ്പിക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി കെഎല്‍ രാഹുല്‍ മാത്രമാണ് പൊരുതിയത്. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 46 ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. 39 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്ന മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന് വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ബംഗ്ലാദേശ് 1-0ത്തിന് മുന്നിലെത്തി.

You Might Also Like