ആ പഴയ പേസറെ ടീം ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കണം, ആവശ്യവുമായി ഗവാസ്‌ക്കര്‍

Image 3
CricketTeam India

മുന്‍ ഇന്ത്യന്‍ താരം റിഷി ധവാനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. അഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ഫോമാണ് റിഷി ധവാനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിക്കണമെന്ന് ഗവാസ്‌ക്കര്‍ ആവശ്യപ്പെടാന്‍ കാരണം. ഏഴ് വര്‍ഷം മുമ്പാണ് പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ റിഷി ധവാന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്.

‘റിഷി ധവാന്‍ ഇന്ത്യക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ്. അഞ്ചാറ് വര്‍ഷം മുമ്പ്. ടീം ഇന്ത്യക്കൊരു പേസ് ഓള്‍റൗണ്ടറെ വേണം. 1983, 2011 ലോകകപ്പുകളിലെ ജയം നോക്കിയാല്‍ ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം വ്യക്തമാകും. ഓള്‍റൗണ്ടര്‍ ടീമിലുണ്ടെങ്കില്‍ ക്യാപ്റ്റനും സെലക്ഷന് കമ്മിറ്റിക്കും കൂടുതല്‍ ഓപ്ഷനുകള്‍ ലഭിക്കും. റിഷി ധവാന്‍ സീസണില്‍ നടത്തിയ പ്രകടനം നോക്കിയാല്‍ അദേഹത്തിനൊരു അവസരം ഉറപ്പായും നല്‍കണം എന്നാണ് തോന്നുന്നത്. ആറോ ഏഴോ നമ്പറില്‍ ബാറ്റ് ചെയ്യാനാവുന്ന, ആദ്യ ബൗളിംഗ് മാറ്റമായി ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് വേണ്ടത്’ ഗാവസ്‌കര്‍ പറഞ്ഞു.

2016ല്‍ ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റിഷി ധവാന്‍ രണ്ട് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് കളിച്ചത്. പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി.

എന്നാല്‍ നിലവില്‍ റിഷി ഫോമിലാണ്. വിജയ് ഹസാരേ ട്രോഫി 2021/22 സീസണില്‍ മികച്ച പ്രകടനമാണ് റിഷി ധവാന്‍ കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ റുതുരാജ് ഗെയ്ക്വാദിന് പിന്നിലായി രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. എട്ട് ഇന്നിംഗ്സില്‍ അഞ്ച് അര്‍ധ സെഞ്ചുറിയടക്കം 76.33 ശരാശരിയില്‍ 458 റണ്‍സ് 31കാരനായ റിഷി നേടി. 16 വിക്കറ്റ് സ്വന്തമാക്കി ടൂര്‍ണമെന്റിലെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായി.

ഉയര്‍ത്തികൊണ്ട് വന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ പകരക്കാരനായി ഉപയോഗിക്കാന്‍ കഴിയുന്ന താരം കൂടിയാണ് റിഷി ധവാന്‍.