വീണ്ടും അമ്പരപ്പിച്ച് എടികെ, മറ്റൊരു താരത്തിന് കൂടി അഞ്ച് വര്‍ഷത്തെ കരാര്‍ നല്‍കി

Image 3
FootballISL

സുഭാഷിഷ് ബോസിന് പിന്നാലെ മറ്റൊരു താരത്തിന് കൂടി ദീര്‍ഘകാല കരാര്‍ നല്‍കി എടികെ മോഹന്‍ ബഗാന്‍. എടികെ പ്രതിരോധ നിര താരം സുമിത് രതിയുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് എടികെ ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ 2025 വരെ എടികെ പ്രതിരോധ നിരയില്‍ പന്തുതട്ടാന്‍ സുമിത് രതി ഉണ്ടാകും.

ഐലീഗില്‍ ഇന്ത്യന്‍ ആരോസില്‍ കളിക്കും മുമ്പ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ എലൈറ്റ് അക്കാദമിയിലൂടെയാണ് ഈ ഇടംകാലന്‍ താരം പ്രെഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചത്. ഇന്ത്യന്‍ ആരോസില്‍ നിന്നാണ് എടികെ സുമിത് രതിയെ സ്വന്തമാക്കിയത്.

ആദ്യം എടികെ റിസര്‍വ് ടീമില്‍ പന്ത് തട്ടിയ രതി ഒരു വര്‍ഷത്തിനുളളില്‍ തന്നെ സീനിയര്‍ ടീമിലേക്ക് പ്രെമോട്ട് ചെയ്യപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഹബാസിന് കീഴില്‍ 14 മത്സരങ്ങളിലാണ് എടികെയ്ക്കായി സുമിത് രതി കളിച്ചത്.

ലെഫ്റ്റി ബാക്കായി കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സുമിത് കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി 115 ക്ലിയറന്‍സുകളും 27 ടാക്കിള്‍സും 19 ഇന്ററെപ്ഷന്‍സും നടത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ എമേജിംഗ് പ്ലെയര്‍ അവാര്‍ഡും സുമിത് രതിയാണ് സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി അണ്ടര്‍ 16, 19, 20 ടീമുകള്‍ക്കായി കളിച്ചിട്ടുളള താരം കൂടിയാണ് സുമിത്. അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പ് വെച്ചതോടെ ഭാവിയില്‍ എടികെയുടെ പ്രധാന താരമായി സുമിത് മാറുമെന്ന് ഇതിനോടകം ഉറപ്പായി.