ഐഎസ്എല്‍ താരത്തേയും ടീമിലെത്തിച്ചു, വീണ്ടും ഞെട്ടിച്ച് മുഹമ്മദന്‍

Image 3
FootballISL

ഐലീഗ് രണ്ടാം ഡിവിഷന്‍ ക്ലബായിട്ടും വന്‍ മുന്നൊരുക്കം നടത്തുന്ന മുഹമ്മദന്‍ സോക്കര്‍ ക്ലബ് മറ്റൊരു മികച്ച താരത്തെ കൂടി ടീമിലെത്തിച്ചു. മണിപ്പൂരി വിങറായ സുഭാഷ് സിംഗിനെയാണ് ഏറ്റവും ഒടുവില്‍ മുഹമ്മദന്‍ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.

താല്‍ക്കാലിക കരാറിലാണ് സുഭാഷ് സിംഗിനെ മുഹമ്മദന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐലീഗ് ഒന്നാം ഡിവിഷന്‍ മുഹമ്മദന്‍ എത്തുകയാണെങ്കില്‍ സുഭാഷ് മുഹമ്മദന്‍ ക്ലബില്‍ തുടരും.

31കാരനായ സുഭാഷ് ഐഎസ്എല്‍ ക്ലബുകളിലടക്കം പന്ത് തട്ടിയുളള താരമാണ്. ഈസ്റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, പൂനെ എഫ് സി, ഷില്ലോങ് ലജോങ്, റിയല്‍ കാശ്മീര്‍ മുംബൈ സിറ്റി എഫ്‌സി എന്നീ ക്ലബുകളിലായിരുന്നു നെരോകയില്‍ എത്തും മുമ്പ് സുഭാഷ് കളിച്ചിരുന്നത്.

നേരത്തെ മലയാളി താരം ഗാനി അഹമ്മദ്, ഇന്ത്യന്‍ വണ്ടര്‍ കിഡ് ഡാനിഷ് അലി. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സാമുവല്‍ എന്നിവരേയും മുഹമ്മദന്‍ ടീമിലെത്തിച്ചിരുന്നു.

ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍ ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്‌ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്റെ ഉടമ.