ഇറ്റാലിയൻ പാസ്പോർട്ട്‌ പരീക്ഷയിൽ കള്ളത്തരം, സുവാരസിനെതിരായി അന്വേഷണമാരംഭിച്ചു

ഈ സീസണിൽ ബാഴ്സയിൽ സ്ഥാനമില്ലെന്ന് ഉറപ്പിച്ചതോടെ ക്ലബ്ബ് വിടാനൊരുങ്ങുന്ന സുവാരസ് ചേക്കേറാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ക്ലബുകളിലൊന്നായിരുന്നു യുവന്റസ്. യുവന്റസുമായി താരത്തെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സുവാരസിന് ഇറ്റാലിയൻ പാസ്സ്പോർട്ട് ഇല്ലെന്ന കാരണത്താൽ ട്രാൻസ്ഫർ സങ്കീർണമാവുകയായിരുന്നു.തുടർന്ന് ഇറ്റാലിയൻ പാസ്പോർട്ട് ലഭിക്കുന്നതിനു വേണ്ടിയുള്ള പരീക്ഷയിൽ താരം പങ്കെടുത്തെങ്കിലും അതിലും പുതിയ വിവാദമായി മാറിയെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഇറ്റാലിയൻ പാസ്സ്‌പോർട്ട് ലഭിക്കുന്നതിനു വേണ്ടിയുള്ള പരീക്ഷയിൽ യുറുഗ്വായ് താരം കൃത്രിമത്വം കാണിച്ചുവെന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്.
പരീക്ഷയിൽ സുവാരസ് വിജയം നേടിയത് കള്ളത്തരത്തിലാണെന്നും പരീക്ഷക്കു മുൻപുതന്നെ അതിൽ ചോദിക്കാനിടയുള്ള വിഷയങ്ങളെക്കുറിച്ച് താരത്തിന് അറിവു ലഭിച്ചുവെന്നാണ് ആരോപണം. ഇതിനെക്കുറിച്ചു അധികാരികൾ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

യുറുഗ്വായ് താരമായ സുവാരസിനെ യൂറോപ്യൻ കളിക്കാരനെന്നല്ലാതെ ടീമിലെത്തിക്കാൻ യുവന്റസിനു സാധിക്കില്ല. ആർതറിന്റെ ട്രാൻസ്ഫറോടെ യൂറോപ്പിനു പുറത്തു നിന്നും ടീമിൽ ഉൾക്കൊള്ളിക്കാൻ കഴിയുമായിരുന്ന താരങ്ങളുടെ എണ്ണം പൂർത്തിയായിരുന്നു. സുവാരസിന്റെ ഭാര്യക്ക് ഇറ്റാലിയൻ പൗരത്വമുണ്ടെന്ന സാധ്യത ഉപയോഗപ്പെടുത്തി താരത്തിനും ഇറ്റാലിയൻ പാസ്സ്‌പോർട്ട് എടുക്കാനാണ് യുവന്റസ് ശ്രമിച്ചത്.

സുവാരസിന് ഇറ്റാലിയൻ പൗരത്വം ലഭിക്കാനുള്ള സാധ്യത അവസാനിച്ചതോടെ യുവന്റസ് പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. റോമ സ്‌ട്രൈക്കർ എഡിൻ ജെക്കോ, അത്ലറ്റികോ മാഡ്രിഡ് താരം അൽവാരോ മൊറാട്ട എന്നിവരായിരുന്നു യുവന്റസിന്റെ ലിസ്റ്റിലുള്ള പ്രധാന താരങ്ങൾ. എന്നാൽ സുവാരസ് ബാഴ്‌സലോണ വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ്.

You Might Also Like