തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും മാർട്ടിനസിനെ സ്വീകരിച്ച് സുവാരസ്

Image 3
FeaturedFootball

അടുത്ത സീസണിലേക്ക് ബാഴ്സലോണ ലക്ഷ്യമിടുന്ന ഇന്റർ മിലാന്റെ അർജൻറീനിയൻ താരമായ ലൗടാരോ മാർട്ടിനസിനെ സ്വാഗതം ചെയ്യുന്നുവെന്ന് സ്ട്രൈക്കർ ലൂയിസ് സുവാരസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകം മുതൽ തന്നെ ബാഴ്സ പുറകേയുള്ള താരം അടുത്ത സീസണിൽ ടീമിലെത്തുമെന്ന അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തിയാണ് സുവാരസ് സ്പാനിഷ് മാധ്യമം സ്പോർട്ടിനോട് അർജൻറീനിയൻ താരത്തെക്കുറിച്ചു സംസാരിച്ചത്.

ഇന്റർ മിലാനും അർജൻറീനക്കും വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരം ബാഴ്സയിലെത്തിയാൽ തന്റെ സ്ഥാനം അപഹരിക്കുമെന്നറിഞ്ഞിട്ടും അതിന്റെ യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് സുവാരസ് സംസാരിച്ചത്. “വളരെ മികച്ച താരമാണ് ലൗടാരോ മാർട്ടിനസ്. ഇന്ററിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുക്കുന്നതും.”

”അർജന്റീനയിൽ നിന്നും ഇറ്റാലിയൻ ലീഗിലെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്രയും കടുപ്പമേറിയ ലീഗിൽ തന്റെ കഴിവു തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. യുവതാരമായ ലൗടാരോ മാർട്ടിനസിന് ബാഴ്സയെ വളരെയധികം സഹായിക്കാൻ കഴിയും. ടീമുമായി ഇണങ്ങിച്ചേരാൻ ഞങ്ങൾക്ക് ലൗടാരോയെ സഹായിക്കാനുമാകും.” സുവാരസ് വ്യക്തമാക്കി.

സുവാരസ് മോശം ഫോമിലായതിനെ തുടർന്ന് അടുത്ത സീസണിൽ ബാഴ്സക്ക് ഒരു സ്ട്രൈക്കർ കൂടിയ തീരൂ. മാർട്ടിനസിനു വേണ്ടി എഴുപതു ദശലക്ഷം യൂറോയും ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോയേയും നൽകുന്നതിനു ബാഴ്സ കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ.