യോഗ്യതമത്സരത്തിൽ ബ്രസീലിനെതിരെയും അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ബാഴ്സക്കെതിരെയും സുവാരസ് പുറത്ത്

Image 3
FeaturedFootballInternational

നാളെ നടക്കാനിരിക്കുന്ന വമ്പന്മാരുടെ മത്സരമായ ഉറുഗ്വായ്-ബ്രസീൽ മത്സരത്തിൽ നിന്നും സൂപ്പർതാരം ലൂയിസ് സുവാരസ് പുറത്തായിരിക്കുകയാണ്. ഉറുഗ്വായ് ക്യാമ്പിൽ വെച്ചു നടന്ന ടെസ്റ്റിൽ ലൂയിസ് സുവാരസിനും സഹതാരം റോഡ്രിഗോ മുനസിനും ടീം ഒഫീഷ്യലായ മാതിയാസ് ഫാരലിനും കോവിഡ് സ്ഥിരീകരിച്ചതായി ഉറുഗ്വായ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

ഇതോടെ ശനിയാഴ്ച നടക്കാനിരിക്കുന്ന ലാലിഗയിലെ വമ്പന്മാരുടെ പോരാട്ടമായ ബാഴ്സ-അത്ലറ്റിക്കോ മത്സരത്തിലും താരത്തിനു പങ്കെടുക്കാനാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. എല്ലാവരും നിലവിൽ ആരോഗ്യവാന്മാരായി തുടരുന്നുണ്ടെന്നാണ് ഉറുഗ്വായ് ഇതിവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ നിർണായക മത്സരത്തിൽ സൂപ്പർതാരത്തെ നഷ്ടമായത് ഉറുഗ്വായ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഉറുഗ്വായ് മധ്യനിരയിലെ പ്രധാനതാരമായ റയൽ മാഡ്രിഡിന്റെ ഫെഡെ വാൽവെർഡെയേയും ഉറുഗ്വായ്ക്ക് പരിക്കു മൂലം നഷ്ടപ്പെട്ടിരുന്നു. ബ്രസീലിനായി സൂപ്പർതാരം നെയ്മർ കളിക്കാനില്ലാത്തതു ഉറുഗ്വായ്ക്ക് തെല്ലൊന്നു ആശ്വാസമേകുന്നുണ്ട്. ബാഴ്സയിൽ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ സുവാരസ് മികച്ച പ്രകടനമാണ് തുടരുന്നത്. നിലവിൽ 5 ഗോളുകളുമായി അത്ലറ്റിക്കോയുടെ ടോപ്സ്കോറർ ആണ് സുവാരസ്.

നിലവിൽ ഒരു തോൽവി പോലുമില്ലാതെ അജയ്യരായാണ് അത്ലറ്റിക്കോ മാഡ്രിഡ്‌ ലാലിഗയിൽ മുന്നേറുന്നത്. കോവിഡ് പിടിപെട്ടതോടെ മുന്നേറ്റത്തിൽ അത്ലറ്റികോയുടെ പ്രധാനതാരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നവംബർ 25നു ലോകോമോട്ടിവിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലും സുവാരസിനു പങ്കെടുക്കാനാവില്ല. അതിനു ശേഷം വലെൻസിയ ആയിട്ടു നടക്കുന്ന ലാലിഗ മത്സരത്തിലും താരത്തിനു കളിക്കാനാവുമോയെന്നത് സംശയത്തിന്റെ നിഴലിലാണുള്ളത്.