പൊട്ടിത്തെറിച്ച് സുവാരസ്, ‘തന്നെ വില്‍ക്കുന്നത് താനറിയേണ്ടത് മാധ്യമങ്ങളിലൂടെയല്ല’

ബയേണിനോട് എട്ടുഗോളിന്റെ  ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു ശേഷം  സുവാരസ്  അടക്കമുള്ള പല പ്രമുഖ താരങ്ങളെയും  ബാഴ്‌സ വിൽക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ സുവാരസിന്റെ പേരില്ലാത്തതിനാൽ താരം മുൻ ക്ലബായ അയാക്സിലേക്ക് ചേക്കേറും എന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. എന്നാൽ ഈ നിലപാടിനോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ലൂയിസ് സുവാരസ്.

താൻ ക്ലബ് വിടേണ്ട കാര്യം താൻ അറിയേണ്ടത് മാധ്യമങ്ങളിലൂടെയല്ലെന്നും ക്ലബ് ഡയറക്ടർമാർ തന്നോട് നേരിട്ടു പറയുകയാണ് വേണ്ടതെന്നും രോഷാകുലനായി സുവാരസ് മറുപടി നൽകി.പകരക്കാരനായിട്ടാണെങ്കിലും താൻ ക്ലബിൽ തന്നെ തുടരുമെന്നും സുവാരസ് അറിയിച്ചു.

“ക്ലബ് പ്രസിഡന്റ്‌ മാറ്റാനുദ്ദേശിക്കുന്ന പേരുകൾ കേൾക്കുന്നുണ്ട്. പക്ഷെ എന്നോട് ആരും ക്ലബിൽ നിന്ന് പുറത്ത് പോവാൻ അറിയിച്ചിട്ടില്ല. ഞാൻ ക്ലബ് വിടണമെന്നാണ് ആഗ്രഹമെങ്കിൽ അത്‌ ക്ലബ് ഡയറക്ടർ എന്നോട് നേരിട്ട് പറയുകയാണ് വേണ്ടത്. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഞാനത്‌ അറിയേണ്ടത്.”

“ക്ലബിന് വേണ്ടി എന്നെ കൊണ്ടാവും വിധം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പരിശീലകൻ കൂമാനുമായി ഞാൻ ഇത് വരെ സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് ഞാൻ പകരക്കാരനായിട്ടാണ് തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ അതിനും തയ്യാറാണ്.ക്ലബിന് വേണ്ടി എന്തോക്കെ നൽകാൻ കഴിയുമോ അത്‌ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം ” സുവാരസ് എഎസ്സിന് നൽകിയ അഭിമുഖത്തിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ പറ്റി സംസാരിച്ചു.

You Might Also Like