സുവാരസ് ഇനി റോണോയ്‌ക്കൊപ്പം, യുവന്റസുമായി കരാറിനൊരുങ്ങി ബാഴ്‌സ സൂപ്പര്‍ താരം

Image 3
FeaturedFootball

പുതിയ സീസണിലേക്ക് സൂപ്പർതാരം ലൂയിസ് സുവാരസിനിടമില്ലെന്ന് പുതിയ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. താരത്തിനു ക്ലബ് വിടാൻ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്നു മാത്രമല്ല ക്ലബ്ബിന്റെ മെഡിക്കൽ ടെസ്റ്റ്‌ പാസാവുകയും തുടർന്ന് പരിശീലനത്തിന് പങ്കെടുക്കുകയും ചെയ്തിരുന്നു.

ബാഴ്സയിൽ ഇനിയൊരു ഭാവിയില്ലെന്നു ഉറപ്പിച്ച സുവാരസ് യുവന്റസുമായി കരാറിലെത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഡിമരിസിയോയും പ്രമുഖമാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട്ടുമാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

യുവന്റസ് സുവാരസുമായി ചർച്ചകൾ നടത്തിയെന്നും ക്ലബ്ബിന്റെയും താരത്തിന്റെയും വ്യക്തിപരമായ ആവശ്യങ്ങൾ ഇരുവരും അംഗീകരിച്ചതുമായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.നിലവിൽ ബാഴ്സയിൽ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അതേ വേതനം തന്നെയാണ് യുവന്റസ് സുവാരസിന് ഓഫർ ചെയ്തിട്ടുള്ളത്. പത്ത് മില്യൺ യുറോയാണ് ഒരു വർഷത്തിൽ സുവാരസിന് ബാഴ്സയിൽ ലഭിക്കുന്നത്.

ആദ്യഘട്ടമായി ക്ലബ് അധികൃതരും സുവാരസിന്റെ പ്രതിനിധികളും സംസാരിക്കുകയായിരുന്നു. തുടർന്ന് യുവന്റസ് വൈസ് പ്രസിഡന്റ്‌ സുവാരസിനെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. എന്തായാലും സുവാരസ് ഇറ്റാലിയിലേക്ക് ചേക്കേറാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ മെസിക്കും ക്രിസ്ത്യാനോ റൊണാൾഡോക്കുമൊപ്പം കളിക്കുന്ന താരമാവാൻ സുവാരസിന് കഴിഞ്ഞേക്കും.