അമ്പരപ്പിച്ച് ബിന്നി വീണ്ടും, മായന്തിയുടെ രാജകുമാരന്‍ ഇനി ആ ടീമിനെ പരിശീലിപ്പിക്കും

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി പരിശീലകനാകുന്നു. അടുത്ത സീസണില്‍ അസം സംസ്ഥാന ടീമിന്റെ സഹപരിശീലകനായാണ് ബിന്നി കരിയറിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

അസം ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ് നല്‍കുന്ന വാര്‍ത്തയായി ഇത് മാറിയിരിക്കുകയാണ്. നേരത്തെ വിരമിക്കല്‍ വേളയില്‍ ഇനി പരിശീലകനായി പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിയ്ക്കും എന്ന് ഒരു സൂചനയും നല്‍കിയിരുന്നില്ല.

മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അജയ് രാത്രയാണ് അസമിന്റെ മുഖ്യ പരിശീലകന്‍. രത്രയ്ക്ക് കീഴില്‍ അദ്ദേഹത്തിന്റെ സഹായിയായിട്ടാവും ടീമില്‍ ബിന്നി പ്രവര്‍ത്തിക്കുക. നവംബര്‍ നാലിന് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റോടെ ആരംഭിക്കുന്ന അഭ്യന്തര ക്രിക്കറ്റ് സീസണില്‍ വിജയ് ഹസാരെ ഏകദിന ട്രോഫിയും, രഞ്ജി ട്രോഫിയും പിന്നാലെ വരുന്നുണ്ട്. ഈ മത്സരങ്ങളിലെല്ലാം ബിന്നി-രാത്ര കൂട്ടുകെട്ടാവും അസമിനെ പരിശീലിപ്പിക്കുക.

അഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ സൂപ്പര്‍ താരമായിരുന്ന സ്റ്റുവാര്‍ട്ട് ബിന്നി, ഇന്ത്യന്‍ ടീമിനായി 6 ടെസ്റ്റുകളും, 14 ഏകദിനങ്ങളും, 3 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ഞൂറിനടുത്ത് റണ്‍സും, 24 വിക്കറ്റുകളുമാണ് ബിന്നിയുടെ സമ്പാദ്യം. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ നിന്ന് 880 റണ്‍സും, 22 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

You Might Also Like