; )
ധനേഷ് ദാമോധരന്‍
1877 ല്‍ തുടങ്ങിയ ടെസ്റ്റ് ചരിത്രത്തില്‍ ഹാട്രിക്കുകളുടെ കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ 2011 വരെ ഇന്ത്യന്‍ ടീമിന് അപൂര്‍വമായ ഒരു നേട്ടം അവകാശപ്പെടാനുണ്ടായിരുന്നു .അന്നേ വരെയുള്ള ചരിത്രത്തില്‍ ഇന്ത്യ ഒഴികെ അതു വരെ ടെസ്റ്റ് കളിച്ച എല്ലാ രാജ്യങ്ങളും ,സിംബൊബ് വെയും ബംഗ്ലാദേശും അടക്കമുള്ളവര്‍ ഹാട്രിക്കിന് ഇരകളായിരുന്നു. ഹാട്രിക്ക് എന്ന അപൂര്‍വ നേട്ടം ആഘോഷിക്കപ്പെടുമ്പോള്‍ ഹാട്രിക്കിന് ഇരയാകുന്ന ടീമിന്റെ ആരാധകര്‍ അധിക്ഷേപമായി കാണുന്ന സാഹചര്യമെടുക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടം അതിശയകരം എന്നു തന്നെ പറയാം .
എന്നാല്‍ 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അധിക്ഷേപിക്കപ്പെട്ട അതേ ടീമിനെതിരെ തന്റെ സ്വന്തം നാടായ നോട്ടിങ്ഹാമില്‍ വെച്ച് സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന ലോക ക്രിക്കറ്റിലെ ഫീനിക്‌സ് പക്ഷി ഒരു ഹാട്രിക് നേടിയതോടെ വര്‍ഷങ്ങളായി ആര്‍ക്കും പിടി കൊടുക്കാതെ ഒളിഞ്ഞു നടന്ന ഇന്ത്യയുടെ ജൈത്രയാത്രയാണ് ടെസ്റ്റ് ചരിത്രത്തിലെ 2001 മത്തെ മത്സരത്തില്‍ അവസാനിച്ചത് .1932 മുതല്‍ ടെസ്റ്റ് പദവി ലഭിച്ച ഇന്ത്യക്കെതിരെ ഒരാള്‍ ഹാട്രിക് നേടാന്‍ വേണ്ടി വന്നത് ഏതാണ്ട് 80 വര്‍ഷങ്ങള്‍ .
2011 ജൂലൈ 30 ന് 4 ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വെറും 211 റണ്‍സിന് പുറത്തായതോടെ ഇന്ത്യന്‍ ആരാധകര്‍ അമിത പ്രതീക്ഷയിലായിരുന്നു .ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു .62 റണ്‍സെടുത്ത യുവരാജ് ദ്രാവിഡിനൊപ്പം 128 റണ്‍ കുട്ടുകെട്ട് സ്ഥാപിക്കുമ്പോള്‍ ടീം സ്‌കോര്‍ 267/4. ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍ .എന്നാല്‍ യുവരാജ് പുറത്തായതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു .
ബ്രോഡിന്റെ പന്തില്‍ ധോണി സ്‌ളിപ്പില്‍ ആന്‍ഡേഴ്‌സണിന്റെ കൈകളിലെത്തിയതിനു പിന്നാലെ അടുത്ത പന്തില്‍ ഹര്‍ഭജന്‍ എല്‍ബിയില്‍ കുരുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത്രം പിറന്നു .ഫീല്‍ഡര്‍മാരുടെ സഹായമില്ലാതെ തന്നെ ബ്രോഡ് പ്രവീണ്‍ കുമാറിനെ ക്ലീന്‍ ബോള്‍ ചെയ്തു .വളരെ മനോഹരമായ ആ പന്തില്‍ പ്രവീണിന്റെ മിഡില്‍ സ്റ്റംപ് തന്നെ ഇളകി .ഹാട്രിക് നേടിയ 12 മത്തെ ഇംഗ്ലീഷുകാരനായ ബ്രോഡ് 2008 ല്‍ സൈഡ് ബോട്ടത്തിനു ശേഷം ഹാട്രിക് നേടിയ ആദ്യ ഇംഗ്ലീഷ് ബൗളറുമായി .
കൗതുകകരമെന്ന് പറയട്ടെ ,ഈ ഹാട്രിക്കിന് മുന്‍പ് 2010 ല്‍ പിറന്ന അവസാന ഹാട്രിക്കായ പീറ്റര്‍ സിഡിലിന്റെ ഹാട്രിക്കിലെ അവസാന ഇര ബ്രോഡ് ആയിരുന്നു എന്നതാണ് .
ഹാട്രിക് തികച്ച ബ്രോഡ് അവിടെയും അവസാനിപ്പിച്ചില്ല .അവസാന വിക്കറ്റായി ഇഷാന്ത് ശര്‍മ്മയെ പുറത്താക്കുമ്പോള്‍ ബ്രോഡിന്റെ സ്‌പെല്‍ 24.1 – 8 – 46 -6 ആയിരുന്നു .ഏറ്റവും വലിയ സവിശേഷത അവസാനത്തെ 16 പന്തില്‍ ഒരു റണ്‍ പോലും വഴങ്ങാതെ ബ്രോഡ് നേടിയത് 5 വിക്കറ്റുകളായിരുന്നു .ദ്രാവിഡ് 117 റണ്‍സെടുത്തിട്ടും 267/4 ല്‍ നിന്നും 288 ന് എല്ലാവരും പുറത്തായി .
രണ്ടാമിന്നിങ്‌സില്‍ 159 റണ്‍സ് നേടിയ ഇയാന്‍ ബെല്ലി നേറെയും 90 റണ്‍സെടുത്ത ടിം ബ്രെസ്‌ന്റെയും മികവില്‍ ഇംഗ്ലണ്ട് 544 റണ്‍ നേടി .ഒരു ചെറുത്ത് നില്പ് പോലും അവശേഷിപ്പിക്കാതെ രണ്ടാമിന്നിങ്‌സില്‍ 158 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ തോല്‍വിയോടെ നാണം കെട്ടു .56 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും 46 റണ്‍ നേടിയ ഹര്‍ഭജനും മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ പറ്റിയത് .രണ്ടാമിന്നിങ്‌സിലും നന്നായി പന്തെറിഞ്ഞ ബ്രോഡ് 30 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തി .
സവിശേഷ ബൗളിങ് കാഴ്ച വെച്ച ബ്രോഡ് തന്നെ ആയിരുന്നു കളിയിലെ കേമ്‌നും .എന്നാല്‍ ആ മാച്ചില്‍ പന്തു കൊണ്ട് മാത്രമല്ല ,ബാറ്റു കൊണ്ടും നിര്‍ണായക സംഭാവന നല്‍കാന്‍ ബ്രോഡിനു കഴിഞ്ഞു .ആദ്യ ഇന്നിങ്‌സില്‍ 124 ന് 8 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ട് 221ലെത്താന്‍ കാരണക്കാരന്‍ അതിവേഗത്തില്‍ 62 റണ്ണടിച്ച ബ്രോഡ് തന്നെ ആയിരുന്നു.
2014 ല്‍ സംഗക്കാരയെ അടക്കമുള്ളവരെ പുറത്താക്കി ടെസ്റ്റില്‍ വീണ്ടും ഒരു ഹാട്രിക് നേടിയ ബ്രോഡിനെ കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ 2 ഹാട്രിക്ക് നേടിയത് ജിമ്മി മാത്യൂസ് ,ഹ്യൂഗ് ട്രംബിള്‍, വസിം അക്രം എന്നിവരാണ് .ചരിത്രത്തില്‍ 3 ടെസ്റ്റ് ഹാട്രിക് എന്ന ഹാട്രിക്കുകളുടെ ഹാട്രിക്ക് നേടാന്‍ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ സാധ്യത പറയുന്നത് ഇനിയും കരിയര്‍ ബാക്കിയുള്ള ബ്രോഡിനാണ്. അവസാനമായി 2019 ല്‍ വിന്‍ഡീസ് പ്രസിഡണ്ട്‌സ് ഇലവനെതിരെ ബാര്‍ബഡോസില്‍ നടന്ന സന്നാഹ മത്സരത്തില്‍ ഹാട്രിക് നേടിയ ബ്രോഡ് ആ സാധ്യതയെ ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നു . അല്ലെങ്കിലും ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പറ്റുന്നവര്‍ക്ക് ഈ ലോകത്ത് സാധിക്കാത്തതായി എന്താണുള്ളത്
ജൂണ്‍ 24…. ബ്രോഡിന്റെ ജന്‍മദിനം ..
കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍