സ്‌ട്രൈക്ക് റേറ്റ് വച്ച് അളക്കുന്നത് അസംബന്ധം, തുറന്നടിച്ച് ഇന്ത്യന്‍ താരം

കളത്തില്‍ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റ് വെച്ച് ഒരു താരത്തിന്റെ പ്രതിഭ അളക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റ് ‘ഓവര്‍റേറ്റഡായ’ കാര്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന ഗില്‍ പറയുന്നു.

പകരം സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കലാണ് പ്രധാനം. ഒരു രീതിയില്‍ മാത്രം കളിക്കാന്‍ കഴിയൂ എന്ന രീതി മാറേണ്ടതാണെന്നും ശുഭ്മന്‍ ഗില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”സ്‌ട്രൈക്ക് റേറ്റ് ഓവര്‍റേറ്റഡാണെന്നാണ് എനിക്ക് തോന്നുന്നത്. സാഹചര്യവുമായി നിങ്ങള്‍ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാനം. 200 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനാണ് ടീം ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും 100 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനാണ് ടീം ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും കളിക്കാന്‍ കഴിയണം. കളിയുടെ സാഹചര്യവുമായി പൊരുത്തപ്പെടുക എന്നതാണ് കാര്യം. ഒരു രീതിയില്‍ മാത്രം കളിക്കാന്‍ കഴിയൂ എന്ന രീതിയാണ് മാറേണ്ടത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിയണം.”- ഗില്‍ പറഞ്ഞു.

നിലവില്‍ ടി20യില്‍ കളിക്കാരുടെ സ്‌ട്രൈക്ക് റേറ്റ് പരിഗണിച്ചാണ് ടീമുകള്‍ താരങ്ങളുടെ പ്രതിഭ നിശ്ചയിക്കാറ്. ഇതിനെ ചോദ്യം ചെയ്താണ് ഗില്‍ രംഗത്തെത്തിയിരിക്കുന്നത്. സഹതാരങ്ങളായ റിഷഭ് പന്തടക്കമുളളവര്‍ക്ക് നേരെയുളള പരോക്ഷ വിമര്‍ശനം കൂടിലാണ് ഗില്ലിന്റെ ഈ വാക്കുകള്‍.

അതെസമയം ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.

You Might Also Like