ആദ്യം കളിക്കളത്തിൽ കാണിക്കു, എന്നിട്ടു റയലിലേക്ക് പോയാൽ മതി, പോഗ്ബക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ലിവർപൂൾ താരം

അടുത്തിടെ യുണൈറ്റഡ് സൂപ്പർതാരം പോൾ പോഗ്ബ റയലിൽ കളിക്കുക തന്റെ സ്വപ്നമാണെന്ന് തുറന്നു പറഞ്ഞത് ആരാധകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പോബക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇഎസ്പിഎൻ പണ്ഡിറ്റായ ജാൻ ആജ് ഫ്യോർട്ടോഫ്റ്റ്. റയലിലോട്ട് പോവുന്നതിനു മുൻപ് ആദ്യം കളിക്കളത്തിൽ എന്തെങ്കിലും കാണിക്കണമെന്നാണ് നോർവീജിയൻ താരത്തിന്റെ ആവശ്യം.

പോഗ്ബക്ക് യുണൈറ്റഡിൽ ഒരു വർഷം കൂടി കരാർ നിലനിൽക്കെയാണ് റയലിൽ സിദാന് വേണ്ടി കളിക്കാനുള്ള ആഗ്രഹം താരം വെളിപ്പെടുത്തുന്നത്. പരിക്കുമൂലം കഴിഞ്ഞ സീസണിൽ സിംഹഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു. തിരിച്ചുവന്നശേഷം പുതിയ സീസണിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. ഫ്യോർട്ടോഫ്റ്റിന്റെ വിമർശനത്തിന് പിന്തുണയുമായി മുൻ ലിവർപൂൾ താരം സ്റ്റീവ് നിക്കോളും രംഗത്തെത്തി.

“ആരെങ്കിലും എന്തെങ്കിലും നിങ്ങളോട് ചോദിച്ചെന്നുകരുതി നിങ്ങൾ ഉത്തരം നൽകണമെന്നില്ല. അഥവാ ഉത്തരം നൽകുകയാണെങ്കിൽ ആകെ പറയേണ്ടത് ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനാണെന്നും അതു മാത്രമാണ് ഞാനിപ്പോൾ ചിന്തിക്കുന്നതെന്നു മാത്രം പറഞ്ഞാൽ മതി. അതോടെ കഥ തീരുമായിരുന്നു.”

“എനിക്ക് തോന്നുന്നത് ഇതു പോൾ പോഗ്ബയെക്കുറിച്ച് കൂടുതൽ മനസിലാക്കിത്തരുന്നു. ആദ്യ രണ്ടു വർഷങ്ങളിൽ ഞാൻ പോഗ്ബയെ ഒരുപാട് പിന്തുണച്ചിരുന്നു. എന്നാലിപ്പോൾ എല്ലാം വ്യക്തമായിത്തുടങ്ങി. നിങ്ങൾക്കിപ്പോൾ പറയാനാവും ഈ കക്ഷിക്ക് നായകനാവാനുള്ള കഴിവ് വട്ടപ്പൂജ്യമാണെന്ന്. ” നിക്കോൾ ചൂണ്ടിക്കാണിച്ചു.

You Might Also Like