തെറിയഭിഷേകം നടത്തി ലിവർപൂൾ ആരാധകർ! ചിരിച്ചു തള്ളി റഹീം സ്റ്റെർലിങ്

പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെതിരെയുള്ള വമ്പന്‍ ജയത്തിനു ശേഷം മാഞ്ചസ്റ്റര്‍ സിറ്റി വിങ്ങര്‍ സ്റ്റെര്‍ലിങ്ങിന്റെ ട്വിറ്ററില്‍ലിവര്‍പൂള്‍ ആരാധകരുടെ തെറിയഭിഷേകം. ലിവര്‍പൂളിനെതിരെ ഇരട്ട ഗോള്‍ നേടിയ സ്റ്റെര്‍ലിംഗ് ഒരു പെനാല്‍റ്റിക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതാണ് ലിവര്‍പൂള്‍ ആരാധകരെ രോഷാകുലരാക്കിയത്.

‘മൊത്തം തെറിയഭിഷേകമാണല്ലോ!( ചിരിക്കുന്ന ഇമോജി ) ഇത് വെറും കളി മാത്രമാണ്. ചിലത് ജയിക്കും ചിലത് നമ്മള്‍ തോല്‍ക്കും.’ സ്റ്റെര്‍ലിങ് ട്വിറ്ററില്‍ കുറിച്ചു. തനിക്ക് വന്ന തെറിയഭിഷേകത്തോട് ചിരിച്ചു കൊണ്ട് പ്രതികരിക്കുകയായിരുന്നു മുന്‍ ലിവര്‍പൂള്‍ വിംഗര്‍.

ലിവര്‍പൂളിനേക്കാള്‍ മികച്ച പ്രകടനം തന്റെ ടീം കാഴ്ചവെച്ചെങ്കിലും ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ അത്യുജ്ജ്വലമായ കിരീട വിജയത്തെ മത്സരശേഷം പ്രശംസിക്കാനും സ്റ്റെര്‍ലിങ്ങ് മറന്നില്ല.

‘അവര്‍ ഈ വര്‍ഷം മുഴുവന്‍ അത്യുജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ഇതൊരു ശക്തമായ മത്സരമാണെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ നല്ല രീതിയില്‍ ആരംഭിച്ചു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സഹതാരങ്ങള്‍ക്കാണ്.’ മത്സരശേഷം സ്റ്റെര്‍ലിങ് സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

‘ഞങ്ങള്‍ പുറകിലാലാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. തോല്‍ക്കാന്‍ പാടില്ലാത്ത പല മത്സരങ്ങളും ഞങ്ങള്‍ തോറ്റു. ഞങ്ങള്‍ക്ക് ജയിക്കണമായിരുന്നു. അത് ഞങ്ങള്‍ ഭംഗിയായി നിറവേറ്റി. ‘ സ്റ്റെര്‍ ലിങ് കൂട്ടിച്ചേര്‍ത്തു. മാന്‍ ഓഫ് ദ മാച്ച് ഡിബ്രുയ്‌നെ സ്വന്തമാക്കിയെങ്കിലും മികച്ച പ്രകടനമാണ് ലിവര്‍പൂളിനെതിരെ സ്റ്റെര്‍ലിങ് കാഴ്ചവെച്ചത്.

You Might Also Like