എന്തൊരു നായകനായിരുന്നു അയാള്‍, എക്കാലത്തേയും ഏറ്റവും മികച്ച ക്യാപ്റ്റന്‍

പ്രണവ് തെക്കേടത്ത്
ജന്മദിനാശംസകള്‍ സ്റ്റീഫന്‍ പോള്‍ ഫ്‌ളെമിങ്
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ക്രിക്കറ്റ് ലോകം കണ്ട മികച്ച നായകന്മാരുടെ പേരുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മുന്‍ നിരയില്‍ തന്നെ കാണും സ്റ്റീഫന്‍ പോള്‍ഫ്‌ലെമിങ് എന്ന ഈ നാമം. ഒരുപാട് പ്രതിഭകളൊന്നും തനിക്ക് ചുറ്റും ഇല്ലാതിരുന്നിട്ടും കയ്യിലുള്ള വിഭവങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഏതൊരു ടീമിനോടും കിടപിടിക്കാന്‍ തക്കം ആ ടീമിനെ മാറ്റിയെടുത്തവന്‍. തന്റെ ഇരുപത്തിമൂനാം വയസ്സില്‍ തന്നിലേക്കെത്തിച്ചേര്‍ന്ന ആ നായക സ്ഥാനം ടാക്ടിക്കല്‍ ബ്രില്ലിയന്‍സിലൂടെ അയാള്‍ അവിസ്മരണീയമാക്കിയപ്പോള്‍ ആധുനിക ക്രിക്കറ്റിലെ മികച്ച നായകന്മാരില്‍ ഒരാളെന്ന വിശേഷണവും ലോകം അയാള്‍ക്ക് നല്‍കി.
നായകന്‍ മാത്രമായിരുന്നില്ല ബാറ്റെടുക്കുമ്പോള്‍ ആ ഫ്‌ലിക്ക് ഷോട്ടുകളും, കവര്‍ ഡ്രൈവുകളും, സ്‌ട്രൈറ് ഡ്രൈവുകളും ആ ഇടതുകയ്യന്റെ എലഗന്‍സോടെ ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ അയാള്‍ രചിച്ചിരുന്നു. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യക്കെതിരെ ഹാമില്‍ട്ടണില്‍ 92 റണ്‍സുമായി അയാള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയും പിടിച്ചു വാങ്ങി താനിവിടെ കുറച്ചു കാലം കാണുമെന്ന ശുഭ സൂചനയും നല്‍കിയിരുന്നു.
1997ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വച്ചായിരുന്നു അയാളിലേക്കാദ്യമായി ആ നായക സ്ഥാനം എത്തിച്ചേരുന്നത്. ലീ ജര്‍മന്‍ എന്ന സ്ഥിര നായകനെ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിന് മുന്നോടിയായി തഴഞ്ഞപ്പോള്‍ ഫ്‌ലെമിങ് നായക സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. മത്സരം കിവികള്‍ പരാജയപ്പെട്ടെങ്കിലും അയാളിലെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും, ബോളിങ് മാറ്റങ്ങളും ആ നായകനെ തുറന്നു കാട്ടുന്നതായിരുന്നു. അവിടെ അയാള്‍ സ്ഥിര നായകനായി തുടര്‍ന്നു.
പിന്നെ ഒരു തേരോട്ടമായിരുന്നു. കൂട്ടാളികളെ വിശ്വസിച്ചു, അവര്‍ക്ക് വേണ്ട ഊര്‍ജം നല്‍കി അയാള്‍ മുന്നില്‍ നിന്ന് നയിക്കാന്‍ തുടങ്ങി. കൊളോമ്പോയില്‍ ശ്രീലങ്കയെ തോല്‍പിച്ചും, ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തകര്‍ത്തും, ആ കാലത്തെ ശക്തരായിരുന്ന സിംബാബ്വെയെ നാട്ടില്‍ വിളിച്ചു വരുത്തി അപമാനിച്ചും, ചാമ്പ്യന്‍സ് ട്രോഫി ഫേവറൈറ്റ്‌സ് ആയിരുന്ന ഇന്ത്യയെ ഫൈനലില്‍ തകര്‍ത്തും അയാള്‍ ആ നായക സ്ഥാനം ആസ്വദിച്ചു കൊണ്ടിരുന്നു.
തന്റെ ബാറ്റും ആ ടീമിന് വേണ്ടി നിര്‍ണായക സമയങ്ങളിലൊക്കെ ശബ്ദിക്കുന്നുണ്ടെന്ന് അയാള്‍ ഉറപ്പു വരുത്തിയിരുന്നു. 2003 വേള്‍ഡ് കപ്പില്‍ ആതിഥേയര്‍ക്കെതിരെ സ്‌കോര്‍ പിന്തുടരവേ നേടിയ 134 റണ്ണുകള്‍ ആ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഇന്നിങ്സുകളില്‍ ഒന്നായിരുന്നു,. കൊളോമ്പോയില്‍ മരതക ദ്വീപുകാര്‍ക്കെതിരെ പുറത്താകാതെ നേടിയ 274 റണ്ണുകള്‍ അയാളിലെ ബാറ്റിംഗ് പ്രതിഭയുടെ തെളിവുകളായിരുന്നു.
തന്റെ അവസാന കാലഘട്ടത്തില്‍ അയാളിലെ നായകനില്‍ കൂടുതല്‍ പ്രതീക്ഷകള്‍ നിറഞ്ഞിരുന്നു 80 ടെസ്റ്റുകളില്‍ നായകനായപ്പോള്‍ അവിടെ അയാള്‍ സ്റ്റീവോയെയും,ക്ലെയ്വ് ലോയിഡിനെയും മറികടന്നു, 2007ലെ വേള്‍ഡ് കപ്പില്‍ സെമിയിലേക്ക് നയിച്ചും അയാളിലെ നായകന്‍ നിറഞ്ഞു നിന്നു…
റോസ് ടെയ്ലര്‍ മറികടക്കുന്നതുവരെ കിവികള്‍ക്ക് വേണ്ടി രണ്ടു ഫോര്മാറ്റിലും കൂടുതല്‍ റണ്‍സ് നേടിയത് അയാളായിരുന്നു, പരിചയ സമ്പത്തുള്ളവര്‍ മാത്രം നായകനാവുക എന്ന ക്രിക്കറ്റിലെ തിയറി പോലും അയാള്‍ മാറ്റിയെഴുതിയിരുന്നു. അയാളിലെ ക്രിക്കറ്റിങ് ബ്രെയിന്‍ ഐപില്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോച്ചെന്ന നിലയിലും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു…
തന്റെ കളി നാളുകളില്‍ ഒരിക്കല്‍ ഗ്രെയാം സ്മിത്ത് ഇങ്ങനെ പറയുകയുണ്ടായി. ‘Tactically and psychologically stephen fleming is the best captain in the world, and he will remembred as one of the best of all time ‘ ഇത് തെന്നെയാണ് ക്രിക്കറ്റ് ലോകത്തിനും പറയാനുള്ളത്….
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്