പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ വഴിയുണ്ടായിരുന്നു, തന്ത്രം വെളിപ്പൈടുത്തി സഹീര്‍
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന്റെ അഘാതത്തിലാണല്ലോ ടീം ഇന്ത്യ. മത്സരത്തില്‍ ഇന്ത്യയുടെ 152 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.
എന്നാല്‍ മത്സരത്തില്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നായേനെ എന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. ജസ്പ്രീത് ഭുംറയെ ആദ്യ ഓവര്‍ എല്‍പിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ മത്സരം ഇന്ത്യയുടെ വഴിക്കാകുമായിരുന്നു എന്നാണ് സഹീര്‍ പറയുന്നത്.
പാക് ഓപ്പണര്‍മാരില്‍ ഒരാളുടെ വിക്കറ്റ് പോലും ഇന്ത്യക്ക് വീഴ്ത്താന്‍ കഴിയാതെയിരുന്ന മത്സരത്തില്‍ ബുമ്ര മൂന്നാം ഓവറിലാണ് തന്റെ ആദ്യ പന്ത് എറിയാനെത്തിയത്.
‘മത്സരത്തിന് മുമ്പേ നിങ്ങളുടെ പദ്ധതികള്‍ തയ്യാറായിരിക്കും. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ ചില മാറ്റങ്ങള്‍ പദ്ധതിയില്‍ വരുത്തേണ്ടിവരും. ഭുംറയെ വ്യത്യസ്തമായി ഉപയോഗിക്കാമായിരുന്നു. മത്സരം അവസാനിക്കുമ്പോഴേക്കും ഭുംറയെ കുറച്ച് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ‘ട്രംപ് കാര്‍ഡാ’യ താരത്തെ മൂന്നാം ഓവറിന് പകരം ആദ്യ ഓവറില്‍ തന്നെ പ്രയോഗിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മത്സരം ചിലപ്പോള്‍ അല്‍പം മാറിമറിഞ്ഞേനേ’ സഹീര്‍ പറയുന്നു.
പാകിസ്ഥാന് മുന്നില്‍ 152 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയ ശേഷം ഭുവനേശ്വര്‍ കുമാറിനെയും മുഹമ്മദ് ഷമിയേയും അയച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ ഭുവിക്കെതിരെ 10 ഉം രണ്ടാം ഓവറില്‍ ഷമിക്കെതിരെ എട്ടും റണ്‍സാണ് സ്വന്തമാക്കിയത്.