; )
മതിയായ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍വേയ്സിന്റെ കൊളംബോയിലേക്കുള്ള വിമാനം തിരുവനന്തപുരത്തിറക്കി. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന വിമാനമാണ് തിരികെയിറക്കിയത്.
ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞശേഷം താരങ്ങള്‍ തിരികെ കൊളംബോയിലേക്കു മടങ്ങുകയായിരുന്നു. ഇന്ധനം നിറച്ചശേഷം വിമാനം കൊളംബോയിലേക്കു പുറപ്പെട്ടു.
ലണ്ടനില്‍നിന്നു പുറപ്പെട്ട വിമാനത്തിന് യാത്രാമധ്യേ സാങ്കേതികപ്രശ്നങ്ങളുണ്ടായി. ഇതു പരിഹരിക്കുന്നതിന് പൈലറ്റ് വിമാനത്തിനെ മസ്‌കറ്റിലേക്കു തിരിച്ചുവിട്ടു. എന്നാല്‍, കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വിമാനത്തിന് അവിടെ ഇറങ്ങാനുള്ള അനുമതി ലഭിച്ചില്ല. അനുമതി കാത്ത് രണ്ടുവട്ടം കടലിനു മീതെ ചുറ്റിക്കറങ്ങി. അനുമതി വൈകിയതോടെ വിമാനം കൊളംബോയ്ക്കു തിരിച്ചു.
എന്നാല്‍, യാത്രാമധ്യേ ഇന്ധനക്കുറവുള്ളതായി പൈലറ്റിന് സൂചന ലഭിച്ചു. ഇതേത്തുടര്‍ന്ന് കൊളംബോയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി തേടുകയായിരുന്നു. വിമാനത്തില്‍നിന്ന് ക്രിക്കറ്റ് താരങ്ങളെ പുറത്തിറക്കിയില്ല.
ഇന്ത്യയ്‌ക്കെതിരായ ഏകദിന-ടി20 പരമ്പരമാണ് ലങ്കന്‍ ടീമിന് ഇനിയുളളത്. ഈ മാസം 13ന് ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. സീനിയര്‍ ടീം ഇംഗ്ലണ്ടിലായതിനാല്‍ ധവാന്റെ നേതൃത്വത്തിലുളള ടീമാണ് ലങ്കയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.