നാണംകെട്ട തോല്‍വിയ്ക്ക് പിന്നാലെ മറ്റൊരു അപമാനവും, മൂന്ന് ലങ്കന്‍ താരങ്ങളെ പുറത്താക്കി

Image 3
CricketCricket News

ഇഗ്ലീഷ് പര്യടനത്തിലെ നാണം കെട്ട പ്രകടനത്തിനിടെ ലങ്കന്‍ ക്രിക്കറ്റ് ടീമിനെ തേടി മറ്റൊരു അപമാനവും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബയോ സെക്യുര്‍ ബബ്ബിള്‍ ലംഘിച്ചതിന് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാനും ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു.

ശ്രീലങ്കന്‍ ടീം വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വെല്ലയെയും ധനുഷ്‌ക ഗുണതിലകയെയുമാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഏകദിന പരമ്പരക്ക് മുന്നോടിയായി ടീമിന്റെ ബയോ സെക്യുര്‍ ബബ്ബിളില്‍ നിന്ന് പുറത്തുകടന്ന് കുശാല്‍ മെന്‍ഡിസും നിരോഷന്‍ ഡിക്വെല്ലയെയും ലണ്ടനിലെ മാര്‍ക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂമഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗുണതിലകയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയയില്‍ ഗുണതിലകയില്ല.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ഏകദിന പരമ്പരക്കായുളള തയാറെടുപ്പിലാണ് ലങ്കന്‍ ടീം. നാളെ ഡര്‍ഹാമിലാണ് ഏകദിന പരമ്പര തുടങ്ങുന്നത്. കാര്‍ഡിഫിലാണ് ടി20 പരമ്പര നടന്നത്. ഇവിടെ ലങ്കന്‍ താരങ്ങള്‍ക്ക് പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഡര്‍ഹാമില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കളിക്കാര്‍ക്ക് ടീം ഹോട്ടല്‍ വിട്ട് പുറത്തുപോവാന്‍ അനുവാദമുണ്ടായിരുന്നില്ല. ടി20 പരമ്പര 3-0ന് അടിയറവെച്ച ലങ്കന്‍ ടീമിന് മറ്റൊരു നാണക്കേടായി കളിക്കാരുടെ പെരുമാറ്റം. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ച മെന്‍ഡിസ് 9, 39, 6 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ഡിക്വെല്ലയാകട്ടെ രണ്ട് മത്സരങ്ങളില്‍ 3, 11 റണ്‍സാണെടുത്തത്. അതിനിടെ ടി20 പരമ്പരയിലെ ഐസിസി മാച്ച് റഫറിയായിരുന്ന ഫില്‍ വിറ്റികേസിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു