വിട്ടുകളഞ്ഞത് അര ഡസനോളം ക്യാച്ച്, തോല്‍വി ചോദിച്ച് വാങ്ങി യുവ ഇന്ത്യ, ലങ്കയ്ക്ക് ആശ്വാസം

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം. ബഹുഭൂരിപക്ഷം പുതുമുഖങ്ങള്‍ അടങ്ങിയ ടീം ഇന്ത്യയ്‌ക്കെതിരെ മൂന്ന് വിക്കറ്റാണ് ശ്രീലങ്ക ജയം കൊണ്ട് രക്ഷപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടക്കുകയായിരുന്നു. മത്സരം തോറ്റെങ്കിലും ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി.

ഫീല്‍ഡിംഗില്‍ അര ഡസനോളം ക്യാച്ചുകള്‍ വിട്ടുകളഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ശ്രീലങ്കയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അവഷ്‌കാ ഫെര്‍ണാണ്ടോയും ബാനുക രാജ് പാക്‌സെയും ആതിഥേയര്‍ക്ക് ആശ്വാസജയം സമ്മാനിക്കുകയായിരുന്നു. ഫെര്‍ണാണ്ടോ 98 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 76 റണ്‍സെടുത്തു. രാജ് പാക്‌സെ ആകട്ടെ 56 പന്തില്‍ 12 ഫോറടക്കം 65 റണ്‍സെടത്തും പുറത്തായി.

ഇന്ത്യയ്ക്കായി അരങ്ങേറ്റതാരം ദീപക് ചഹര്‍ മൂന്ന വിക്കറ്റ് സ്വന്തമാക്കി. ചേതന്‍ സക്കറിയ രണ്ടും കൃഷ്ണപ്പ ഗൗതമും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് പുറത്താകുകയായിരുന്നു. മഴ കളി മുടക്കിയതിനെ തുടര്‍ന്ന് മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത്. പിന്നീട് മഴ മാറി ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് പുറത്തായതോടെ ഇന്ത്യ തകര്‍ന്നു. പിന്നീട് വലറ്റത്ത് നവ്ദീപ് സെയ്ന (15), രാഹുല്‍ ചഹര്‍ എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 200 കടത്തുകയായിരുന്നു.

പൃഥ്വി ഷാ (49), മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ (46) എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. പിന്നീട് സൂര്യകുമാര്‍ യാദവും പിടിച്ചു നിന്നു.

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (13), മനീഷ് പാണ്ഡെ (11), ഹര്‍ദിക് പാണ്ഡ്യ (19), നിതീഷ് റാണ (ഏഴ്), കൃഷ്ണപ്പ ഗൗതം (രണ്ട്) എന്നിവരാണ് പുറത്തായത്. ചേതന്‍ സക്കറിയ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ദുഷ്മന്ത ചമീര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദസുന്‍ സനക, ചമിക കരുണരത്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

 

You Might Also Like