നിസങ്ക ആറാടി, ഹസരങ്ക എറിഞ്ഞിട്ടു, ലങ്കയ്ക്ക് കണ്ണുതള്ളുന്ന ജയം

Image 3
CricketCricket News

അഫ്ഗാനെതിരെ രണ്ടാം ഏകദിനത്തിലും ജയം സ്വന്തമാക്കി പരമ്പര പിടിച്ച് ശ്രീലങ്ക. 155 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ നേടിയത്. ശ്രീലങ്ക ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ 153 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ശ്രീലങ്ക മുന്നിലെത്തി.

ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക, കുശാല്‍ മെന്‍ഡിസ്, സമര വിക്രമ, ലിയാനേജ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇതില്‍ അസലങ്കയ്ക്ക് പുറത്താകാതെ ഇരുന്നിട്ടും മൂന്ന് റണ്‍സകലെയാണ് സെഞ്ച്വറി നഷ്ടമായത്. 74 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 97 റണ്‍സാണ് അസലങ്ക അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ മെന്‍ഡിസ് 65 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സെടുത്തപ്പോള്‍ സമര വിക്രമ 61 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 52ഉം ലിയനേജ് 48 പന്തില്‍ രണ്ട് വീതം സിക്‌സും ഫോരും സഹിതം 50 റണ്‍സും നേടി.

അഫ്ഗാനായി അസ്മത്തുളള ഒമര്‍സായി 10 ഓവറില്‍ 56 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഫസല്‍ഹഖ് ഫാറൂഖി, നൂര്‍ അഹമ്മദ്, കൈ്വസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ രണ്ടാം വിക്കറ്റില്‍ ഇബ്രാഹിം സദ്‌റാനും റഹത്ത് ശായും 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും ഹസരങ്കയ്ക്ക് മുന്നില്‍ അഫ്ഗാന്‍ തകരുകയായിരുന്നു. സദ്‌റാന്‍ 76 പന്തില്‍ ആറ് ഫോറടക്കം 54 റണ്‍സെടുത്തപ്പോള്‍ റഹ്മത്ത് ഷാ 69 പന്തില്‍ ഏഴ് ഫോറടക്കം 63 റണ്‍സും സ്വന്തമാക്കി. മറ്റാരും അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല.

ശ്രീലങ്കയ്ക്കായി ഹസരങ്ക 6.5 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. മധുഷനക ഏഴ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയും അസിത ഫെര്‍ണാണ്ടോ ആറ് ഓവറില്‍ 23 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീതമെടുത്തു.