ലങ്കന്‍ പര്യടനം, നിര്‍ണ്ണായ നീക്കവുമായി ബിസിസിഐ, സഞ്ജുവിനും ദേവ്ദത്തിനും സന്തോഷവാര്‍ത്ത

Image 3
CricketTeam India

ലങ്കന്‍ പര്യടനത്തിന് പുറപ്പെടുന്ന ടീം ഇന്ത്യയ്‌ക്കൊപ്പം രണ്ട് സെലക്ടര്‍മാരേയും അയക്കാന്‍ ഒരുങ്ങി ബിസിസിഐ. യുവതാരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് ഇന്ത്യന്‍ ടീമിനൊപ്പം പോകാന്‍ രണ്ട് സെലക്ടര്‍മാരോട് ബിസിസിഐ ആവശ്യപ്പെട്ടത്.

യാത്ര നിയന്ത്രണങ്ങളെ തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യയില്‍ നിന്ന് ബിസിസിഐ അധികൃതരോ സെലക്ടര്‍മാരോ പോയിരുന്നില്ല. എന്നാല്‍ ലങ്കയിലേക്ക് ടി20, ഏകദിന പരമ്പരയ്ക്കായി പോവുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേതന്‍ ശര്‍മ തലവനായ സെലക്ഷന്‍ പാനലിലെ മലയാളിയായ അബി കുരുവിള, ദേബാസിസ് എന്നീ രണ്ട് സെലക്ടര്‍മാരുമുണ്ടാവും.

ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാകും അടുത്ത പര്യടനത്തിലേക്ക് ഒരോ യുവതാരങ്ങളേയും പരിഗണിക്കുന്നതില്‍ നിര്‍ണ്ണായകമാകുക. സെലക്ടര്‍മാരുടെ സംഘത്തില്‍ മലയാളിയായ അബി കുരുവിള ഉള്‍പ്പെട്ടത് ടീമിലുളള മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലിനും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

ഇംഗ്ലണ്ട് പര്യടനത്തിനായി കോഹ് ലിയുടെ നേതൃത്വത്തില്‍ പ്രധാന താരങ്ങള്‍ ലണ്ടനിലായതിനാല്‍ ടീമില്‍ കയറാന്‍ അവസരം കാത്തിരിക്കുന്ന നിരവധി താരങ്ങള്‍ക്ക് ലങ്കന്‍ പര്യടനത്തില്‍ അവസരം ലഭിച്ചിട്ടുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങുന്നതിനാല്‍ ലങ്കയിലെ ഇവരുടെ പ്രകടനം നിര്‍ണായകമാണ്. സെലക്ടര്‍മാര്‍ ഇവരുടെ ലങ്കയിലെ പ്രകടനം വിലയിരുത്തുമെന്ന് വ്യക്തം.

മൂന്ന് ഏകദിനലും മൂന്ന് ടി20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്. ശിഖര്‍ ധവാനാണ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റന്‍. നിലയില്‍ മുംബൈയില്‍ ബയോ ബബിളില്‍ കഴിയുകയാണ് ലങ്കയിലേക്ക് പുറപ്പെടേണ്ട ഇന്ത്യന്‍ ടീം. പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പം ലങ്കയിലേക്ക് പോവുന്ന രാഹുല്‍ ദ്രാവിഡും ക്വാറന്റൈനിലാണ്.