തിരിച്ചുവരവിനിടെ ലങ്കയ്ക്ക് ദുഖ വാര്‍ത്ത, ആ താരത്തെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിലക്കി ഐസിസി

ശ്രീലങ്കന്‍ സ്പിന്നര്‍ പ്രവീണ്‍ ജയവിക്രമയ്ക്ക് എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും ഐസിസി ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് വിലക്ക്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ജയവിക്രമയ്‌ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചതായി ജയവിക്രമ സമ്മതിച്ചു. ഏതെങ്കിലും ഡോക്യുമെന്റേഷനോ മറ്റ് വിവരങ്ങളോ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതുള്‍പ്പെടെ എസിയു നടത്തുന്ന ഏതൊരു അന്വേഷണത്തെയും തടസ്സപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതാണ് കുറ്റങ്ങള്‍.
2022ല്‍ ശ്രീലങ്കയ്ക്കായി അവസാനമായി കളിച്ച ജയവിക്രമ 5 ടെസ്റ്റുകളിലും 5 ഏകദിനങ്ങളിലും 5 ടി20യിലും ലങ്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 15 മത്സരങ്ങളില്‍ നിന്ന് ആകെ 32 അന്താരാഷ്ട്ര വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റ്, ലങ്ക പ്രീമിയര്‍ ലീഗ് എന്നിവയുമായി ബന്ധപ്പെട്ടാണ് ജയവിക്രമയ്ക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നത്.