ലങ്കന്‍ പര്യടത്തിനെത്തിയ ടീം ഇന്ത്യയ്ക്ക് നിരാശ വാര്‍ത്ത

ശ്രീലങ്കയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ യുവ ടീമിന് നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ശ്രീലങ്കയുടേയും രണ്ടാം നിര ടീമായിരിക്കും കളിത്തിലിറങ്ങുക. ലങ്കന്‍ കളിക്കാരും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രണ്ടാം നിര ടീമിനെ കളിപ്പിക്കുന്ന കാര്യം ആലോചിക്കുന്നത്.
ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലായതിനാല്‍ യുവതാരങ്ങളെ അണിനിരത്തിയാണ് ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ഒരുങ്ങുന്നത്. ശിഖര്‍ ധവാനാണ് ഇന്ത്യയുടെ നായകന്‍. ലങ്കന്‍ പര്യടനത്തിന് ഇന്ത്യ രണ്ടാം നിര ടീമിനെ അയച്ചതില്‍ ശ്രീലങ്കയില്‍ മുറുമുറുപ്പ് ഉയരുന്നതിനിടേയാണ് ലങ്കയും ആ വഴിയ്ക്ക് നീങ്ങുന്നത്.
പ്രതിഫല കാര്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കിയതിനെ തുടര്‍ന്ന് വാര്‍ഷിക കരാര്‍ പുതുക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. ഇതോടെയാണ് പ്ലാന്‍ ബിയുമായി ലങ്കന്‍ ക്രിക്കറ്റ് ടീം മുന്നോട്ട് പോകുന്നത്.
ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ കളിക്കാനുള്ള ഹ്രസ്വകാല കരാറിനും താരങ്ങള്‍ വിസമ്മതിച്ചാല്‍ രണ്ടാം നിര താരങ്ങളെ വച്ച് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുമെന്ന് ശ്രീലങ്കന്‍ ബോര്‍ഡ് സൂചന നല്‍കി. നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം.
വാര്‍ഷിക കരാര്‍ പുതുക്കാത്ത സാഹചര്യത്തില്‍ ഒരു താത്കാലിക കരാര്‍ പ്രകാരമാണ് ഇംഗ്ലണ്ട് പര്യടനത്തിനായി ടീമിനെ അയച്ചത്. ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാകുന്നതോടെ വാര്‍ഷിക കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ബോര്‍ഡും താരങ്ങളും തമ്മില്‍ യോജിപ്പിലെത്തുമെന്നുമായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരായ പരമ്പരയില്‍നിന്ന് വിശ്വ ഫെര്‍ണാണ്ടോ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ പിന്‍മാറിയതായി ശ്രീലങ്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പര്യടന കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചാണ് ഇവരുടെ പിന്‍മാറ്റം. ഫെര്‍ണാണ്ടോയ്ക്കു പുറമെ ലസിത് എംബുല്‍ദേനിയ, ലഹിരു കുമാര, ആഷന്‍ ബണ്ഡാര, കസൂന്‍ രജിത എന്നിവരാണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്.