ലങ്കന്‍ താരങ്ങള്‍ക്ക് ബമ്പര്‍, വന്‍ സമ്മാനത്തുക പ്രഖ്യാപിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കിയതിന്റെ സന്തോഷം ലങ്കന്‍ ക്യാമ്പില്‍ അടങ്ങിയിട്ടില്ല. ആ സന്തോഷം ഇരട്ടി മധുരമാക്കി എല്ലാ താരങ്ങള്‍ക്കും വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യക്ക് എതിരായ ടി20യിലെ പരമ്പര നേട്ടത്തില്‍ പങ്കാളിയായ ടീമിന് 74 ലക്ഷം രൂപയാണ് പുരസ്‌കാരമായി ലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 പരമ്പരയുടെ ഭാഗമായ എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും കോച്ചിംഗ് പാനലിനും ഈ സമ്മാനതുക വീതിച്ച് നല്‍കും.

അതേസമയം ടി20 പരമ്പരയില്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ലെഗ് സ്പിന്നര്‍ ഹസരംഗ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമത് എത്തിയിട്ടുണ്ട്. താരം വരാനിരിക്കുന്ന ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി കളിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഇന്ത്യയ്ക്കതിരായ പരമ്പര വിജയം വരാനിരിക്കുന്ന ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ലങ്കയ്ക്ക് ആത്മവിശ്വാസമാകുമെന്ന് ലങ്കന്‍ ബോര്‍ഡ് വിലയിരുത്തുന്നു. സ്റ്റാര്‍ താരങ്ങളില്‍ പലരും വിട്ടുനിന്നിട്ടും ഷാനകയുടെ നേതൃത്വത്തില്‍ യുവ നിര ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും ഇന്ന് ചേര്‍ന്ന ലങ്കന്‍ ബോര്‍ഡ് മീറ്റിങ് വിലയിരുത്തി.

നേരത്തെ ഏകദിന പരമ്പര 2-1ന് നഷ്ടപ്പെടുത്തിയ ലങ്ക ടി20 പരമ്പര 2-1ന് തന്നെ തിരിച്ച് പിടിയ്ക്കുകയായിരുന്നു.

You Might Also Like