ശ്രീശാന്തിനെ ആർക്കും വേണ്ട; പേര് പോലും വിളിക്കാതെ അപമാനിക്കപ്പെട്ടു മടക്കം

Image 3
CricketIPL

ഐപിഎൽ മെഗാലേലത്തിൽ മലയാളി താരം ശ്രീശാന്തിനെ ഫ്രാൻഞ്ചൈസികളാരും സ്വന്തമാക്കിയില്ല. ഐപിഎലിലൂടെ മികച്ച ഒരു തിരിച്ചുവരവ് കൊതിച്ച ശ്രീശാന്തിന് കടുത്ത നിരാശ സമ്മാനിച്ചതായി ലേലം. ലേലത്തിനായി പേരുപോലും വിളിക്കാതെയാണ് ശ്രീശാന്തിന്റെ മടക്കം.

503 താരങ്ങൾക്കായാണ് ഇന്ന് ലേലം നടക്കേണ്ടിയിരുന്നത്.ആദ്യത്തെ 98 മുതൽ 161 വരെയുള്ള കളിക്കാരെ ലേലത്തിൽ അവതരിപ്പിച്ചു. ശേഷമുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്ന താരങ്ങൾക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. എല്ലാ ഫ്രാഞ്ചൈസികളോടും 20 വീതം കളിക്കാരുടെ പേര് എഴുതിനൽകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവരാരും തന്നെ ശ്രീശാന്തിന്റെ പേര് എഴുതി നൽകിയില്ല.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നേരിട്ടിരുന്നു. കഴിഞ്ഞ വര്ഷം ശ്രീശാന്തിന്റെ അജീവനാന്ത വിലക്കിൽ ബിസിസിഐ ഇളവ് നൽകിയതോടെ കേരളത്തിനായി കളിച്ച് ആഭ്യന്തര ക്രിക്കറ്റിൽ ശ്രീ തിരിച്ചുവരവ് നടത്തിയിരുന്നു. ഐപിഎൽ ലേലത്തിലൂടെ ഏതെങ്കിലും ടീമിന്റെ ഭാഗമായി സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ താരം അതിയായി  ആഗ്രഹിച്ചിരുന്നു. പല അഭിമുഖങ്ങളിലുംശ്രീശാന്ത് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.

ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫിയിലേക്കുള്ള കേരള ടീമിൽ ശ്രീശാന്ത് ഉൾപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലൂടെ മികച്ച തിരിച്ചുവരവിന് കളമൊരുക്കാനാവും ഇനി താരത്തിന്റെ ശ്രമം.