നിങ്ങള്‍ ആത്മവിശ്വാസത്തിന്റെ ചിറകുളള ഫിനിക്‌സ് പക്ഷിയാണ്, അവനത് തെളിയിച്ചിരിക്കുന്നു

Image 3
CricketTeam India

അരുണ്‍ കുന്നമ്പത്ത്

വീഴ്ച്ചകള്‍ക്കും താഴ്ച്ചകള്‍ക്കും തന്നെ തെല്ലും സ്പര്‍ശിക്കാനാവില്ലെന്ന് അയാളിന്ന് വീണ്ടും തെളിയിച്ചു.

ഐ.പി.എല്‍ ലേലത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് ഇന്നയാള്‍ തന്റെ പ്രകടനം കൊണ്ട് മറുപടി നല്‍കിയിരിക്കുന്നു.

നിങ്ങള്‍ക്ക് അയാളെ അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം. എന്നാല്‍ ഒരു കാര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ. അത് ആ മനുഷ്യന്റെ ശുഭാപ്തിവിശ്വാസവും കഠിനാധ്വാനവുമാണ്.

ഒരു ശരാശരി ഫാസ്റ്റ് ബോളര്‍ എറിയുന്ന പന്തുകളുടെ മൂര്‍ച്ച കുറയുന്നതും , ഒരു വേള , അയാളുടെ കരിയര്‍ തന്നെ വൈന്‍ഡ് അപ്പ് ചെയ്യേണ്ടതുമായ പ്രായമാണ് 38 വയസ്സ്. ഇവിടെയാണ് ശ്രീശാന്ത് വ്യത്യസ്തനാകുന്നത്. നമ്മെ അതിശയിപ്പിക്കുന്നത് !
ഭീകരമായ അരിഷ്ടതകളെ മറികടന്ന് തന്റെ രണ്ടാം വരവ് അയാള്‍ നടത്തിയത് അതേ 38 വയസ്സിലാണ്.

സ്വന്തം പ്രതിഭയില്‍ അചഞ്ചലമായ വിശ്വാസമുറപ്പിച്ച് ആരെയും അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ മികച്ച പ്രകടനം നടത്തുന്നതും അതേ 38 വയസ്സില്‍ത്തന്നെ. ഇന്ന് ബിഹാറിനെതിരെ അയാള്‍ നടത്തിയ പ്രകടനം (9-2-30-4) അതിന് അടിവരയിടുന്നു.

ശ്രീശാന്ത്, നിങ്ങള്‍ ഒരു ഫിനിക്‌സ് പക്ഷിയാണ്. ആത്മവിശ്വാസത്തിന്റെ വിശാലമായ ചിറകുകള്‍ ഉള്ള പക്ഷി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍