ഇത്ര അഹങ്കാരം പാടില്ല, പരാഗിനെതിരെ പൊട്ടിത്തെറിച്ച് ശ്രീശാന്ത്

Image 3
CricketTeam India

ടി20 ലോകകപ്പിനെ അവഹേളിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് രംഗത്ത്. ലോകകപ്പ് കാണാന്‍ താല്‍പര്യമില്ലെന്നാണ് പരാഗ് പറഞ്ഞത്. ഭാരത് ആര്‍മി എന്ന യൂട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് പരാഗ് ലോകകപ്പിനെതിരെ പ്രസ്താവന നടത്തിയത്. ഇതാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

‘ലോകകപ്പ് കാണാന്‍ താല്പര്യമില്ലെന്ന് പറഞ്ഞത് ധാര്‍ഷ്ട്യമാണ്. രാജ്യത്തിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാത്തതിനാലുള്ള ദേഷ്യമാണിതെന്ന് തോന്നുന്നു. യുവതാരങ്ങള്‍ ദേശീയ ടീമിനെ പിന്തുണയ്ക്കുകയും രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയും വേണം,’ ശ്രീശാന്ത് പറഞ്ഞു.

ലോകകപ്പ് ടീമില്‍ ഇടം നേടാത്തതിനാലാണ് പരാഗ് ഇങ്ങനെ പറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ശ്രീശാന്ത് ഈ വാദം തള്ളി. ‘ടീമില്‍ ഇല്ലാത്തതിനാല്‍ നിരാശപ്പെടാം. പക്ഷെ രാജ്യത്തിനു വേണ്ടി കളിക്കുന്നവരെ പിന്തുണയ്ക്കണം’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് പരാഗ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് അദ്ദേഹം ദേശീയ ടീമില്‍ ഇടം നേടിയത്.

പരാഗിന്റെ ഐപിഎല്‍ പ്രകടനം

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് പരാഗ് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍ സീസണുകളില്‍ ബാറ്റിംഗില്‍ പരാജയം നേരിട്ടിരുന്ന അദ്ദേഹം ഇത്തവണ മികച്ച ഫോമിലെത്തി. രാജസ്ഥാന്റെ മധ്യനിരയിലെ അവിഭാജ്യ ഘടകമായി മാറിയ പരാഗ് 15 മത്സരങ്ങളില്‍ നിന്നും 149.22 സ്‌ട്രൈക്ക് റേറ്റില്‍ 573 റണ്‍സാണ് നേടിയത്. ഇതില്‍ നാല് ഫിഫ്റ്റികളും ഉള്‍പ്പെട്ടിരുന്നു.