ഗാംഗുലിയും കോഹ്ലിയും ധോണിയുമല്ല മികച്ച നായകന്‍, ആരെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം സമ്മാനിച്ച ലക്ഷണമൊത്തൊരു പേസ് ബൗളറായിരുന്നു എസ് ശ്രീശാന്ത്. ഏതാനും മത്സരം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തില്‍ ഒരു സ്ഥാനം പിടിയ്ക്കാനും ശ്രീശാന്തിനായി. എന്നാല്‍ ഐപിഎല്‍ ഒത്തുകളി ആരോപണം ശ്രീശാന്തിന്റെ കരിയര്‍ തകര്‍ക്കുകയായിരുന്നു. 27 ടെസ്റ്റിലും 53 ഏകദിനത്തിലും 10 ടി20 മത്സരവും ഇന്ത്യയ്ക്കായി കളിച്ച ശ്രീ അതോടെ ടീം ഇന്ത്യയ്ക്ക് പുറത്തായി.

ഇപ്പോള്‍ ഏറ്റവും മികച്ച നായകന്‍ ആരെന്ന് വെളിപ്പെടുത്തി രംഗത്തെത്തയിരിക്കുകയാണ് ശ്രീശാന്ത്. സൗരവ് ഗാംഗുലിയോ എം എസ് ധോണിയും വിരാട് കോഹ്ലിയും അല്ല കപില്‍ ദേവാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്നാണ് ശ്രീ പറയുന്നത്. ഹലോ ലൈവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ബൗളിംഗിനിടെ സമ്മര്‍ദ്ദത്തിലായ തനിക്ക് ധൈര്യം തന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും യുവരാജ് സിംഗുമാണെന്നും ശ്രീശാന്ത് പറഞ്ഞു.

2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും പങ്കാളിയാണെങ്കിലും 2011ലെ ലോകകപ്പ് വിജയമാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സച്ചിനായി ലോകകപ്പെടുക്കണം എന്ന ഒറ്റ ലക്ഷ്യമായിരുന്നു ടീം അംഗങ്ങള്‍ക്കെല്ലാം. ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനാണ് ആഗ്രമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണെന്നും മികച്ച ബൗളര്‍ ജസ്പ്രീത് ബുമ്രയാണെന്നും റാപ്പിഡ് ഫയര്‍ റൌണ്ടില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ പാക്കിസ്ഥാനുമായി ഇപ്പോള്‍ ക്രിക്കറ്റ് പരമ്പര കളിക്കുന്നതിനോട് യോജിപ്പില്ലെന്നും രാജ്യമാണ് പ്രധാനമെന്നും ശ്രീ വ്യക്തമാക്കി.

ധോണി ഇതിഹാസതാരമാണെന്ന് വ്യക്തമാക്കിയ ശ്രീശാന്ത് ലോക്‌ഡൌണ്‍ കാലം കുടുംബത്തോടൊപ്പം സമാധാനത്തോടെ ചെലവഴിക്കുകയാണെന്നും പറഞ്ഞു. ഫിറ്റ്‌നെസിലാണ് ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും. ഭാര്യ ഭുവനേശ്വരി കുമാരിയുമായുള്ള തന്റെ പ്രണയം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.