ഐപിഎല്‍ കളിക്കാന്‍ ആ ടീമുകള്‍ ക്ഷണിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി ശ്രീശാന്ത്

Image 3
CricketTeam India

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് ഐപിഎല്ലിലും ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നു. ചില ഐപിഎല്‍ ടീമുകളില്‍ നിന്നും തനിക്ക് ക്ഷണമുണ്ടെന്ന് ശ്രീശാന്ത് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. എന്നാല്‍ ഏതൊക്കെ ടീമുകളാണ് തന്നെ സമീപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ശ്രീശാന്ത് തയ്യാറല്ല.

നേരത്തെ 2021ല്‍ പുതിയതായി ഐപിഎല്ലിലേക്കെത്താനൊരുങ്ങുന്ന അഹമ്മദാബാദ് ടീമില്‍ നിന്ന് ശ്രീശാന്തിന് ക്ഷണം ലഭിച്ചുവെന്ന് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവും പ്രശസ്ത ഗായകനുമായ മധു ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു

അതെസമയം മടങ്ങിവരവിന് ശേഷം തന്‍െ പരിശീലന വീഡിയോ കണ്ട കോച്ച് ടി എ ശേഷര്‍ പറഞ്ഞത് 2007ലെ ലോകകപ്പില്‍ കണ്ട ശ്രീശാന്തിനെ പോലെയാണ് തനിയ്ക്ക് ഇപ്പോള്‍ തോന്നുന്നതെന്നാണെന്നും ശ്രീശാന്ത് പറയുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയാല്‍ 2021ലെ ഐപിഎല്‍ താരലേലത്തിലേക്ക് ശ്രീശാന്തിനെ പരിഗണിക്കപ്പെട്ടേക്കും. നേരത്തെ കിങ്സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയും രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയും ശ്രീശാന്ത് ഐപിഎല്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കെ മൂന്ന് ഫോര്‍മാറ്റിലും സജീവ സാന്നിധ്യമായിരുന്നു ശ്രീശാന്ത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ടീമില്‍ നിര്‍ണ്ണായക സാന്നിധ്യമായി ശ്രീശാന്ത് ഉണ്ടായിരുന്നു. 53 ഏകദിനത്തില്‍ നിന്ന് 75ഉും 27 ടെസ്റ്റില്‍ നിന്ന് 87ഉും 10 ടി20യില്‍ നിന്ന് ഏഴും വിക്കറ്റാണ് ഇന്ത്യന്‍ ജഴ്സിയിലെ ശ്രീശാന്തിന്റെ സമ്പാദ്യം.