ദ്രാവിഡ് ഉളളത് കാരണമാണ് അവന്‍ ടീമിലെത്തിയത്, ഒന്നും ചെയ്യാനാകില്ല, ആഞ്ഞടിച്ച് ശ്രീശാന്ത്

Image 3
CricketTeam India

ടീം ഇന്ത്യയുടെ മെന്റല്‍ ഹെല്‍ത്ത് കണ്ടീഷണിങ് പരിശീലകനായി പാഡി അപ്ടണെ നിയമിക്കാനുള്ള ബിസിസിഐയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. പാഡി അപ്ടണെ കൊണ്ട് കാര്യമായ ഗുണമൊന്നും ഇന്ത്യയ്ക്ക് ണ്ടാവാന്‍ പോവുന്നില്ലെന്നായിരുന്നു ശ്രീശാന്തിന്റെ വിമര്‍ശനം.

2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ പാഡി അപ്ടണായിരുന്നു ഇന്ത്യന്‍ ടീമിന്റെ മെന്റല്‍ കണ്ടീഷണിങ് കോച്ച്. ഇന്ത്യ ലോകകപ്പ് നേടിയ സ്‌ക്വാഡിനൊപ്പവും അപ്ടണുണ്ടായിരുന്നു.

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സില്‍ ഉള്ളപ്പോള്‍ അപ്ടണും ടീമിനൊപ്പമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധമാണ് അപ്ടണെ ഇപ്പോള്‍ പദവിയിലെത്തിച്ചതെന്നും അല്ലാതെ അയാള്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലെന്നും ശ്രീശാന്ത് പറയുന്നു.

2011 ലോകകപ്പ് ടീമിനൊപ്പം അപ്ടണ്‍ ഉണ്ടായിരുന്നെങ്കിലും ഗാരി ക്രിസ്റ്റനായിരുന്നു എല്ലാ തരത്തിലുമുള്ള കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും ശ്രീശാന്ത് പറയുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

‘കൂടിപ്പോയാല്‍ ഒരു ശതമാനം വര്‍ക് മാത്രമായിരിക്കും അപ്ടണ്‍ ചെയ്തിട്ടുണ്ടാവുക. ബാക്കിയുള്ള 99 ശതമാനം വര്‍ക്കുകളും ഗാരി ക്രിസ്റ്റണ്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. അപ്ടണ്‍ ഗാരിയുടെ അസിസ്റ്റന്റ് എന്ന നിലയില്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ രാഹുല്‍ ഭായിക്കൊപ്പം വര്‍ക് ചെയ്തിട്ടുണ്ട് എന്ന ഒറ്റക്കാരണത്താല്‍ മാത്രമാണ് അവന്‍ തിരിച്ചെത്തിയത്. അയാള്‍ നല്ല ഒരു യോഗ ടീച്ചര്‍ ആയതുകൊണ്ട് രാഹുല്‍ ഭായ് അദ്ദേഹത്തെ ഉപയോഗിക്കുമെന്നുറപ്പാണ്’ ശ്രീശാന്ത് പറയുന്നു.

അപ്ടണെ കൊണ്ട് ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇന്ത്യ 2022 ലോകകപ്പ് നേടിയാല്‍ അതിനുള്ള ക്രെഡിറ്റ് ദ്രാവിഡിന് മാത്രമായിരിക്കുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.