തീപ്പൊരി യോര്‍ക്കറുകളുമായി ശ്രീയുടെ തിരിച്ചുവരവ്, ഇര്‍ഫാനെ സാക്ഷിനിര്‍ത്തി കൊടുങ്കാറ്റ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുഴുമിക്കാനാകാതെ പോയ എസ് ശ്രീശാന്ത് തന്റെ പ്രതിഭ എത്രമാത്രമുണ്ടായെന്ന് ലെജന്‍ഡ്സ് ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ്. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ബില്‍വാര കിംഗ്സിനായി കളത്തിലിറങ്ങിയ ശ്രീശാന്ത് നാല് ഓവറില്‍ വെറും 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മല്‍സരത്തിന്റെ താരമായി മാറിയത്.

വിരേന്ദര്‍ സെവാഗ് നയിച്ച ഗുജറാത്ത് ജയന്റ്സിനെ 66 റണ്‍സിന് തോല്‍പ്പിക്കാന്‍ പത്താനെ സഹായിച്ചതും ശ്രീശാന്തിന്റെ ബൗളിംഗ് ആയിരുന്നു.

225 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ജയന്റ്സിന് മുന്നില്‍ ബില്‍വാര കിംഗ് വച്ചത്. വാന്‍ വിക് (50), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (64), ഇര്‍ഫാന്‍ പത്താന്‍ (34) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് വലിയ സ്‌കോറിലേക്ക് അവരെ നയിച്ചത്. ഗുജറാത്തിനായി പന്തെറിഞ്ഞ മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസര പെരേരയാണ് ഏറ്റവും കൂടുതല്‍ അടി വാങ്ങിയത്. നാലോവറില്‍ 56 റണ്‍സാണ് പെരേര വിട്ടുകൊടുത്തത്.

മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയ്ല്‍ (20 പന്തില്‍ 15), വീരേന്ദര്‍ സെവാഗ് (20 പന്തില്‍ 27), കെവിന്‍ ഒബ്രയ്ന്‍ (3 പന്തില്‍ 2) എന്നിവര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. നാലാം ബൗളറായിട്ടാണ് ശ്രീ പന്തെറിഞ്ഞത്.

എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീട് ശ്രീ തിരികെവന്നു. മത്സരത്തിന്റെ എട്ടാം ഓവറില്‍, തന്റെ രണ്ടാം ഓവറില്‍ ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം പന്തില്‍ ലെന്‍ഡല്‍ സിമ്മന്‍സിനെ വിക്കറ്റ് കീപ്പര്‍ മോര്‍ണെ വാന്‍ വൈക്കിന്റെ കൈകളിലെത്തിച്ച ശ്രീ അഞ്ചാം പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ചിഗുംബുരയുടെ കുറ്റി തെറിപ്പിച്ചു. 10ആം ഓവറില്‍ തിസാര പെരേരയെ വാന്‍ വൈക്കിന്റെ കൈകളിലെത്തിച്ച ശ്രീ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി.

You Might Also Like