മിഷന്‍ കംപ്ലീറ്റഡ്!, ഭൗത്യം പൂര്‍ത്തിയാക്കി ഗോവയില്‍ പറന്നിറങ്ങി എസ്ഡി

ഐഎസ്എല്ലില്‍ മറ്റെല്ലാ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അമിതമായ പ്രതീക്ഷയിലാണ്. കാരണം പുതിയ സീസണില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട താരങ്ങളെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലെത്തിച്ചിരിക്കുന്നത്. അതിന് പിന്നിലെ ചാലക ശക്തി മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം സ്‌പോട്ടിംഗ് ഡയറക്ടറായ കരോളിസ് സ്‌കിന്‍കിസായിരുന്നു.

ഇപ്പോഴിതാ പ്രീ സീസണ്‍ മത്സരങ്ങള്‍ തുടങ്ങും മുമ്പെ തന്നെ കരോളിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗോവയില്‍ വിമാനമിറങ്ങിയിരിക്കുകയാണ്. കരോളിസ് ഇന്ത്യയിലെത്തിയ വിവരം ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് പുറത്ത് വിട്ടത്. ഇനി അടുത്ത 10 ദിവസം ക്വാറഡീനില്‍ ഇരുന്ന ശേഷം കരോളിസ് ടീമിനൊപ്പം ചേരും. കരോളിസിനൊപ്പം ഫിസിക്കല്‍ പ്രിപ്പേഷന്‍ കോച്ചായ പൗലോസ് രകാസ്‌ക്കസും ഗോവയിലെത്തിയിട്ടുണ്ട്.

അതെസമയം ഇതിനോടകം ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ സൈനിംഗുകള്‍ ഏതാണ്ട് സ്‌പോട്ടിംഗ് ഡയറക്ടര്‍ പൂര്‍ത്തികരിച്ച് കഴിഞ്ഞു. ഇനി രണ്ട് താരങ്ങളുടെ കാര്യം മാത്രമാണ് തീരുമാനമാകാനുളളത്. അക്കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ഏതാണ്ട് ധാരണയിലെത്തി കഴിഞ്ഞു.

നേരത്തെ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച്ചവെച്ചാല്‍ ആദ്യം ഉത്തരം പറയേണ്ടയാള്‍ താനായിരിക്കുമെന്ന് കരോളിസ് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ആ ഉത്തരവാദിത്തത്തോടെയാണ് താന്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരുടെ കൈയ്യടി നേടിയ മികച്ച താരങ്ങളെ കരോളിസ് ടീമിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വികൂനയും പരിശീലക സംഘവും ഗോവയിലെത്തിയിരുന്നു. നിലവില്‍ ഇന്ത്യന്‍ കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.

You Might Also Like