ബ്ലാസ്റ്റേഴ്‌സിന് യൂറോപ്പില്‍ നിന്ന് സൂപ്പര്‍ താരം, കാത്തിരിപ്പിന് അവസാനം

ഐഎസ്എല്‍ ഏഴാം സീസണിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സ്പാനിഷ് മധ്യനിര താരം യുവാന്‍ദെ ദിയോസ് ലോപ്പസിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.

34കാരനായ താരം, കണങ്കാലിന് പരിക്കേറ്റ് ഈ സീസണില്‍ നിന്ന് ഒഴിവായ ക്ലബ് ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനാവും. സ്പെയിനിലെ അലികാന്റെയില്‍ ജനിച്ച യുവാന്‍ദെ 19ാം വയസില്‍ റിയല്‍ ബെറ്റിസ് റിസര്‍വ് സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ക്ലബ്ബിന്റെ അക്കാദമിയുടെ ഭാഗമായിരുന്നു.

ആ സീസണിലെ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ താരം തന്റെ ആദ്യ ടീം അരങ്ങേറ്റം കുറിച്ചെങ്കിലും 2007ല്‍ മാത്രമാണ് ലാലിഗയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. റയല്‍ ബെറ്റിസില്‍ ചെലവഴിച്ച ആറു വര്‍ഷ കാലയളവില്‍ 69 മത്സരങ്ങള്‍ കളിച്ചു, ടീമിനായി മൂന്നു ഗോളുകളും നേടി. 2010-11 സീസണിന്റെ രണ്ടാം പകുതിയില്‍ ഹ്വസ്വ വായ്പ കാലയളവ് ചെലവഴിച്ച കഠിനാധ്വാനിയായ ടാക്ലിങ് മിഡ്ഫീല്‍ഡര്‍, ഒരു സീസണില്‍ വെസ്റ്റെര്‍ലോയ്ക്ക് വേണ്ടി കളിക്കുന്നതിന് ബെല്‍ജിയന്‍ ലീഗിലേക്ക് മാറുകയും 15 മത്സരങ്ങളില്‍ നിന്ന് ഒരു തവണ ഗോള്‍ നേടുകയും ചെയ്തു.

രാജ്യമെമ്പാടും മികച്ച ആരാധകരുള്ള, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലുള്ള ഒരു മികച്ച ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് ക്ലബ്ബുമായി കരാര്‍ ഒപ്പിട്ട യുവാന്‍ദെ പറഞ്ഞു. ഈ അവസരത്തിന് ക്ലബ് മാനേജ്മെന്റിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒപ്പം ഒരുമിച്ച് നിന്ന് പോരാടുന്നതിന് എന്റെ ടീമംഗങ്ങളോടും പരിശീലക സംഘത്തോടുമൊപ്പം ചേരാന്‍ എനിക്ക് കാത്തിരിക്കാനുമാവുന്നില്ല-യുവാന്‍ദെ പറഞ്ഞു.

വെസ്റ്റെര്‍ലോയിലെ സേവനത്തെ തുടര്‍ന്ന് രണ്ടു സീസണുകളില്‍ എസ്ഡി പൊണ്‍ഫെറാഡിനയ്ക്കായി സെഗുണ്ട ഡിവിഷനില്‍ കളിക്കാന്‍ സ്പെയിനിലേക്ക് മടങ്ങിയ താരം, ഇതിന് മുമ്പ് സീരി ബിയില്‍ സ്പേസിയക്കൊപ്പം നാലു സീസണുകളും ചെലവഴിച്ചു. 2018 സീസണില്‍ എ ലീഗ് ടീമായ പെര്‍ത്ത് ഗ്ലോറി ശക്തനായ മധ്യനിര താരത്തിന്റെ സേവനം ഉറപ്പാക്കി, കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നുള്ള ക്ഷണം ലഭിക്കുംമുമ്പ് ക്ലബ്ബില്‍ രണ്ടു സീസണുകള്‍ താരം ചെലവഴിക്കുകയും ചെയ്തു. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീം ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റീനിലുള്ള യുവാന്‍ദെ ഉടന്‍ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

യുവാന്‍ദെ മികച്ച പരിചയസമ്പന്നനായ കളിക്കാരനാണെന്നും സിഡോയ്ക്ക് മികച്ച പകരക്കാരനായിരിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍ങ്കിസ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവവും പക്വതയും അദ്ദേഹം ടീമിനായി നല്‍കും. മിഡ്ഫീല്‍ഡിലുടനീളം വ്യത്യസ്തമായ കടമകള്‍ ചെയ്യാന്‍ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം. വളരെ വൈകിയാണ് അദ്ദേഹം സ്‌ക്വാഡിനൊപ്പം ചേരുന്നതെങ്കിലും ടീമില്‍ നേതൃത്വപരമായ കഴിവുകള്‍ അദ്ദേഹം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

You Might Also Like